Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിവൽക്കരണം മുന്നോട്ടുതന്നെ: മലയാളികൾ ഉൾപ്പെടെ 1.60 ലക്ഷം പേർ പുറത്തേക്ക്

nitaqat

റിയാദ് ∙ ഗ്രോസറികളിൽ (ബഖാല) ഘട്ടം ഘട്ടമായി പൂർണ സൗദിവൽക്കരണം നടപ്പായാൽ മലയാളികൾ ഉൾപ്പെടെ 1,60,000 വിദേശികൾക്കു ജോലി നഷ്ടപ്പെടും. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വർഷം 600 കോടി റിയാൽ (ഏകദേശം 11,400 കോടി രൂപ) ആണ് അതതു നാടുകളിലേക്ക് അയയ്ക്കുന്നത്. ഈ പണം സൗദിയിൽ നിന്നു പുറത്തുപോകാതെ തടയാമെന്നും മേഖലയിൽ 35,000 സൗദി സ്വദേശികൾക്കെങ്കിലും ഉടൻ ജോലി നൽകാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിനു മുന്നോടിയായി ഗ്രോസറി ജോലികളിൽ സൗദിക്കാർക്കു പരിശീലനവും ആരംഭിച്ചു.

നേരത്തെ, സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഫിനാൻസ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളാണിതെന്നും തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിലെ വനിതാവൽക്കരണ പ്രോഗ്രാം ഡയറക്ടർ നൂറ അബ്ദുല്ല അൽ റുദൈനി വ്യക്തമാക്കിയിരുന്നു. മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവൽക്കരണ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് നൂറി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെയാണ് ഗ്രോസറികളിലെ സൗദിവൽക്കരണം പൂർത്തിയാകുന്നതോടെ ഒട്ടേറെപ്പേർക്കു തൊഴിൽ നഷ്ടമാകുമെന്ന ഭീഷണി. സ്വദേശിവൽക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്കുവയ്ക്കുന്ന തൊഴിലുടമകൾക്ക് ആളൊന്നിന് 20,000 റിയാലാണ് പിഴ.