ബെംഗളൂരു∙ രാസമാലിന്യം നിറഞ്ഞ ബെംഗളൂരു ബെലന്തൂര്‍ തടാകത്തിനു സമീപത്തു കുഴല്‍കിണര്‍ കുഴിച്ചു കുടിവെള്ളം ശേഖരിക്കുന്നു. നഗരത്തിലെ ഉദ്യോഗസ്ഥ – കുടിവെള്ള മാഫിയയുടെ ഒത്തുകളിയാണു പരസ്യമായ നിയമലംഘനത്തിനു കരുത്താകുന്നത്. സ്ഥലം പാട്ടത്തിനെടുത്താണു കുടിവെള്ളമാഫിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. ജനവാസമേഖലകളിലേക്കടക്കം ഇവിടെനിന്നാണു കുടിവെള്ളമെത്തിക്കുന്നത്.
ബെലന്തൂര്‍ തടാകം പതഞ്ഞുപൊങ്ങി തീപിടിക്കുന്നതു വേനല്‍ക്കാലത്തെ പതിവുകാഴ്ചയാണ്. വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യങ്ങളുടെ സാന്നിധ്യമാണു തടാകത്തിലെ തീപിടിത്തത്തിനു കാരണം. ഇതേ തടാകത്തിനു മീറ്ററുകള്‍ മാത്രം അകലെയായി കുഴിച്ച കുഴല്‍ക്കിണറുകളില്‍നിന്നുള്ള വെള്ളമാണു ജനവാസമേഖലകളിൽ വിതരണം ചെയ്യുന്നതിനായി ടാങ്കറില്‍ ശേഖരിക്കുന്നത്. ദുര്‍ഗന്ധവും ശ്വാസകോശസംബന്ധ രോഗങ്ങളും കാരണം തടാകത്തിനു സമീപം ജനങ്ങള്‍ താമസിക്കാന്‍ മടിക്കുമ്പോഴാണു തൊട്ടടുത്തു കുഴല്‍ക്കിണര്‍ കുഴിച്ചു വെള്ളം േശഖരിക്കുന്നത്. മറ്റു കുടിവെള്ള സ്രോതസുകളില്‍നിന്നു ശേഖരിച്ച വെള്ളത്തിനൊപ്പം ചേര്‍ത്താണു കുഴല്‍ക്കിണറിലെ വെള്ളം ഫ്ലാറ്റുകളില്‍ എത്തിക്കുന്നത്.
വെള്ളം ശേഖരിക്കൽ നിയമവിരുദ്ധമാണെങ്കിലും ഉദ്യോഗസ്ഥ – കുടിവെള്ള മാഫിയയുടെ ഒത്തുകളി എല്ലാം നിയമവിധേയമാക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിന്റെ പഠനമനുസരിച്ചു തടാകത്തിനു കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രങ്ങളിലെ കുഴല്‍ക്കിണറില്‍ പോലും കൂടിയ അളവില്‍ നൈട്രേറ്റ് അമോണിയം ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.