Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിന്റെ മലിനജല വിലാസം ബെലന്തൂർ തടാകം; മുങ്ങിനിവർന്ന് നടി റാഷ്മിക

Bellandur Lake Photoshoot റാഷ്മിക മന്ദന്ന. ചിത്രം: ട്വിറ്റർ.

തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകൾ പോലെ തടാകം ഉയരുന്ന കാഴ്ചയും നാം കാണുന്നത് ബെംഗളൂരുവിലെ ബെലന്തൂർ തടാകത്തിലാണ്. അത്ര മലിനമായ ആ തടാകത്തിലിറങ്ങി ജലമലിനീകരണത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്.

തെന്നിന്ത്യൻ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂർ തടാകത്തിൽ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്. സൻമതി ഡി. പ്രസാദ് ആണ് സംവിധായകൻ. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദർശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്നു റാഷ്മിക ട്വിറ്ററിൽ കുറിച്ചു. മലിന തടാകത്തെ തെളിനീർ തടാകമാക്കാനുള്ള ശ്രമം നടത്തണമെന്നും അവർ അഭ്യർഥിച്ചു.

മലിനം വിഷമയം, ബെംഗളൂരുവിന്റെ ജീവജലസ്രോതസ്

ബെലന്തൂർ – ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകം... ഏറ്റവും മലിനമായതും. സാങ്കേതിക വിദ്യയിലും വികസനത്തിൽ ഏറ്റവും മുന്നില്‍ എങ്കിലും മലിനമായ ജലസ്രോതസ്സുകൾ ബെംഗളൂരുവിനുമേൽ അത്രമേൽ കരിനിഴൽ ചാർത്തുകയാണ്. കുറച്ചുദിവസങ്ങൾക്കുമുൻപും ബെലന്തൂർ തടാകത്തിനു തീപിടിച്ചു. അത്രത്തോളം മാലിന്യമാണ് അധികൃതമായും അനധികൃതമായും ഈ തടാകത്തിൽ എത്തുന്നത്.സ്ഥിതി ഇത്ര രൂക്ഷമായിട്ടും തടാകത്തിന്റെ പുനരുജ്ജീവനത്തിനായി കാര്യമായ നടപടികൾ ഒ‌ന്നും നടക്കുന്നില്ല.

Indian firefighters try to douse a fire at Bellandur Lake in Bangalore on January 20, 2018 ബെലന്തൂർ തടാകത്തിൽ ഉയർന്ന തീ അണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ ശ്രമം. (2018 ജനുവരി 20ലെ ചിത്രം)

രാസമാലിന്യങ്ങള്‍ നിറഞ്ഞ് വിഷപ്പത നുരഞ്ഞു പൊന്തുന്ന ബെലന്തൂര്‍ വര്‍ത്തൂര്‍ തടാകങ്ങള്‍ ഒരുവശത്തും മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായി മാറിയവ മറുവശത്തുമായി ബെംഗളൂരുവിനെ ജല മലിനീകരണത്തിന്റെ മറ്റൊരു തലത്തിലേക്കാണു കൊണ്ടുപോകുന്നത്. കനത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോഴും പാഠം പഠിക്കാതെ, പതിവുകള്‍ മാറ്റാതെ ബെംഗളൂരു നഗരം മുന്നോട്ടുപോവുകയാണ്. രാസമാലിന്യങ്ങളെ ജലാശയങ്ങളില്‍ തള്ളിയാല്‍ രക്ഷപെട്ടുവെന്നു കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പാണു നുരഞ്ഞ് പൊന്തുന്ന വിഷപ്പതയും, മലിനമായ തടാകങ്ങളും.

ഏഴുപതുകളിൽ 285 തടാകങ്ങളുണ്ടായിരുന്ന ബെംഗളൂരുവിൽ, 2017ലെ കണക്കുകൾ പ്രകാരം 194 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ തന്നെ വിഷപ്പതനുരഞ്ഞു കത്തിയെരിയുന്ന ബെലന്തൂർ, വർത്തൂർ പോലുള്ള തടാകങ്ങളാണ് ഏറെയും. നഗരത്തിലെ ഒരു തടാകത്തിൽ പോലും കുടിക്കാനോ കുളിക്കാനോ ഉതകുന്ന വിധം ശുദ്ധജലമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അനുദിനം വളർന്നു പെരുകുന്ന റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ പശ്ചാത്തലത്തിൽ, ബിബിഎംപിയും മറ്റു നഗരവികസന ഏജൻസികളും നഗരത്തിലെ ജല, മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ നെട്ടോട്ടമോടുകയാണ്.

Pedestrians cover their noses as they cross a bridge over a frothing canal, which once carried water from Bellandur Lake to Varthur Lake ബെലന്തൂർ തടാകത്തിൽനിന്ന് വർത്തൂർ തടാകത്തിലേക്കു വെള്ളമെത്തിക്കുന്ന കനാൽ പതഞ്ഞു പൊങ്ങിയപ്പോൾ (2015 മേയ് 1ലെ ചിത്രം)

ബെലന്തൂര്‍ തടാകത്തില്‍ വിഷപ്പത നിറഞ്ഞ് കത്തിയെരിഞ്ഞത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. നദികളിലും ജലാശയങ്ങളിലും രാസമാലിന്യങ്ങള്‍ തള്ളിയാലുണ്ടാകുന്ന അപകടത്തിന്റെ ഭീകരത വെളിവാക്കുന്നതാണു തടാകങ്ങളിലെ വിഷപ്പത. നഗരത്തില്‍ മഴ കനത്തതോടെ ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകങ്ങളില്‍ പത്തടിയിലേറെ ഉയരത്തിലാണു വിഷപ്പത ഉയര്‍ന്നത്. അപ്പാര്‍ട്ട്മെന്റുകളിലേക്കടക്കം പത പറന്നെത്തുന്നതോടെ സമീപവാസികളും യാത്രക്കാരും എറെ ദുരിതത്തിലായി. ചുറ്റുമുള്ള ഫാകടറികള്‍ തടാകത്തിലേക്കു രാസമാലിന്യങ്ങള്‍ തള്ളുന്നതാണു വിഷപ്പതയ്ക്കു കാരണം. മഴ ശക്തമായതോടെ നുരഞ്ഞു പൊന്തുന്ന വിഷപ്പത കമ്പിവേലിയും കടന്നു റോഡിലേക്ക് എത്തി. കാറ്റ് വീശിയാല്‍ തടാകത്തില്‍നിന്നു പത പറന്നുയര്‍ന്നു സമീപത്തെ വീടുകളിലും ഫ്ലാറ്റുകളിലുംവരെയെത്തും.

നിരവധി ആരോഗ്യപ്രശ്നങ്ങളുയര്‍ന്നിട്ടും വിഷപ്പതകുറയ്ക്കാനുള്ള പൊടിക്കയ്കളല്ലാതെ, മലിനീകരണത്തിന് തടയിടാന്‍ അധികൃതര്‍ക്ക് ഇനിയുമായിട്ടില്ല. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്. നഗരത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട തടാകമായി മാറിയിരിക്കുകയാണു ബെലന്തൂര്‍. വര്‍ഷങ്ങളായി പരാതി ഉയര്‍ന്നിട്ടും ഇനിയും ഇതിനു നിയന്ത്രമേര്‍പ്പെടുത്താനായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടര്‍ന്നു വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍ക്കും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായും നടപ്പാകാത്തതും വിഷപ്പത വീണ്ടും ഉയരാന്‍ കാരണമാകുന്നുണ്ട്. മഴ ശക്തമാകുമ്പോള്‍ തടാകത്തില്‍നിന്ന് മാലിന്യം കൂടുതല്‍ ദൂരം വ്യാപിക്കുമെന്നതാണ് നിലവിലുള്ള ഭീഷണി.

നഗരത്തിലെ മറ്റു തടാകങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. മഡിവാള തടാകത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെയാണു മലിനീകരണത്തിന്റെ മറ്റൊരു മുഖം വെളിവായത്. ഫ്ലാറ്റുകളില്‍നിന്നും കമ്പനികളില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ കലര്‍ന്ന് മലിനജല ടാങ്കായി മാറിക്കഴിഞ്ഞു മഡിവാള തടാകം. തടാകങ്ങളുടെ അവസ്ഥയും പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതങ്ങളും ചര്‍ച്ചയാകുമ്പോള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ഫെബ്രുവരിയില്‍ പുറത്ത് വന്ന ബിബിസി റിപ്പോര്‍ട്ട്.

A canal which once carried water from Bellandur Lake to Varthur Lake ബെലന്തൂർ തടാകത്തിൽനിന്ന് വർത്തൂർ തടാകത്തിലേക്കു വെള്ളമെത്തിക്കുന്ന കനാൽ പതഞ്ഞു പൊങ്ങിയപ്പോൾ (2015 മേയ് 1ലെ ചിത്രം)

ശുദ്ധജലം വറ്റിവരണ്ട് ആവാസയോഗ്യമല്ലാതാകുന്ന ലോകത്തെ പ്രധാന നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണു ബെംഗളൂരു. 771 ചതുരശ്ര കിലോമീറ്ററായി പരന്നു കിടക്കുന്ന മഹാനഗരത്തിന്‍റെ ജനസംഖ്യ 1.2 കോടിയാണ്. അതീവ ജലക്ഷാമം കാരണം നഗരം ഉപേക്ഷിച്ചു ജനം പലായനം ചെയ്യുന്നതിനു തത്തുല്യമായ സാഹചര്യം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വെള്ളം ഉള്‍വലിഞ്ഞ് ഊഷരഭൂമിയാകാന്‍ ഇടയുള്ള ബെംഗളൂരുവില്‍ത്തന്നെയാണു ജലസ്രോതസുകളെ മനഃപ്പൂര്‍വം മരണത്തിലേക്കു തള്ളിവിടുന്നത്.

ഇതു ബെംഗളൂരുവിന്റെ മാത്രം കഥയല്ല. ജലാശയങ്ങളെ മലിനപ്പെടുത്തുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. പ്രകൃതി കനിഞ്ഞു നൽകിയ ജലസ്രോതസുകളെ മാലിന്യംതള്ളാനുള്ള ചവറ്റുകൊട്ടകളായിക്കണ്ടാല്‍ ശുദ്ധജലക്ഷാമമടക്കം നമ്മെ കാത്തിരിപ്പുണ്ടെന്ന മുന്നറിയിപ്പ്. കേരളത്തില്‍ പ്രളയകാലത്തു കരയിലെത്തിയ മാലിന്യങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ വഴി സംസ്കരിക്കാതെ, വീണ്ടും നദികളില്‍തന്നെ തള്ളിയതും നാം ഇവിടെ ഓര്‍മിക്കണം.