ഒളിംപ്യൻമാരെ പരിശീലകരാക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം

തിരുവനന്തപുരം ∙ ഒളിംപ്യൻമാരായ പി. അനിൽ കുമാർ, ഒ.പി. ജയ്ഷ, പി.ടി. പൗലോസ് എന്നിവർ സ്പോട്സ് കൗൺസിൽ പരിശീലകരാകുന്നു. മൂവരേയും പരിശീലകരായി നിയമിക്കാൻ സ്പോട്സ് കൗൺസിൽ ഭരണ സമിതി യോഗം തീരുമാനിച്ചു. ജൂൺ ആദ്യവാരം നിയമനമുണ്ടാകും. ഒളിംപ്യൻമാരുടെ അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ നോരമ ന്യൂസിനോട് പ്രതികരിച്ചു.

സ്പോർട്സ് കൗൺസിൽ പരിശീലകരാകാനുള്ള താൽപര്യം അറിയിച്ച് നാല് ഒളിംപ്യൻമാരാണ് കൗൺസിലിന് അപേക്ഷ നൽകിയത്. ഇതിൽ 400 മീറ്ററിൽ റിയോ ഒളിംപിക്സിൽ പങ്കെടുത്ത മുഹമ്മദ് അനസിനെ ഒഴിവാക്കി. അടുത്ത ഒളിംപിക്സിന് യോഗ്യത നേടാൻ സാധ്യതയുള്ളയാളും നിലവിൽ കൗൺസിലിന്റെ എലൈറ്റ് സ്കീമിലെ അത‌ലറ്റും ആയതനാലാണ് അനസിനെ പരിഗണിക്കാതിരുന്നത്. 

സിഡ്നി ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ച അനിൽ കുമാർ ദീർഘദൂരത്തിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഒ.പി. ജയ്ഷ എന്നിവർ അത്‍ലറ്റിക്സിലും, പി.ടി. പൗലോസ് റോവിങ്ങിലും പുതിയതലമുറക്ക് പരിശീലനം നൽകും. ഒളിംപ്യൻമാർ താൽപര്യം അറിയിക്കുന്ന നിലയ്ക്ക് കൂടുതൽപേരെ നിയമിക്കാണ് കൗൺസിൽ തീരുമാനം. ദീർഘാവധിയിലുള്ള പരിശീലകരെ ഒഴിവാക്കാനും ആലോചനയുണ്ട്.