ബെംഗളൂരുവും ജംഷഡ്പുരും ഐഎസ്എല്ലിലേക്ക്; കേരളത്തിന് പുതിയ ടീമില്ല

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രാതിനിധ്യം തൽക്കാലം കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ ഒതുങ്ങുമെന്ന് തീർച്ചയായി. ഐഎസ്എല്ലിൽ പുതിയതായി രണ്ടു ടീമുകളെക്കൂടി പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരത്തിന് സ്ഥാനമില്ല. ഐ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ ഉടമകളായ ജിൻഡാൽ സൗത്ത് വെസ്റ്റിന്റെ (ജെഎസ്‍ഡബ്ള്യു) ടീമും, ടാറ്റാ സ്റ്റീലിന്റെ ജംഷഡ്പുർ ആസ്ഥാനമായുള്ള ടീമുമാണ് ഐഎസ്എൽ നാലാം ഡിവിഷനിൽ പുതിയതായി ചേരുക. ജിൻഡാൽ സൗത്ത് വെസ്റ്റിന്റെ ഐഎസ്എൽ ടീമിന്റെയും ആസ്ഥാനം ബെംഗളൂരുവാകും. ഐഎസ്എല്ലിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുതിയ ടീമുകളെ ഐഎസ്എൽ പ്രഖ്യാപിച്ചത്.

പുതിയ ടീമുകൾ കൂടി എത്തുന്നതോടെ ഐഎസ്എല്ലിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10 ആയി ഉയരും. മൂന്നു ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, ലേലത്തിൽ പങ്കെടുക്കാൻ ആദ്യം താൽപര്യം പ്രകടിപ്പിച്ചിരുന്ന ഐ ലീഗ് ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും പിന്നീട് പിൻമാറിയതോടെ പുതിയ ടീമുകളുടെ എണ്ണം രണ്ടിൽ ഒതുങ്ങുകയായിരുന്നു. അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി, ഡൽഹി ഡൈനാമോസ് എഫ്സി, എഫ്സ ഗോവ, എഫ്സി പുണെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയാണ് നിലവിൽ ഐഎസ്എലിന്റെ ഭാഗമായിട്ടുള്ള ടീമുകൾ.

നാലാം സീസൺ മുതൽ മൂന്നു ടീമുകൾ കൂടി ഐഎസ്എല്ലിന്റെ ഭാഗമാകുമെന്നാണു സംഘാടകർ ഏതാനും ആഴ്ചകൾക്കു മുൻപ് പ്രഖ്യാപിച്ചത്. രാജ്യത്തെ പത്തുനഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ ആരംഭിക്കാൻ താൽപര്യമുള്ളവര്‍ക്കായി കഴിഞ്ഞമാസം ലേലം സംഘടിപ്പിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരവും ഉൾപ്പെട്ടിരുന്നു. അതോടെയാണു കേരളത്തിൽനിന്നും, കേരളാ ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരുടീമും ഐഎസ്എല്ലിൽ എത്താൻ സാധ്യത തെളിഞ്ഞത്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കൊൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.