ജിന്നയുടെ ചിത്രം പതിച്ച ബസ്; മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞു

സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച ജിന്നയുടെ ചിത്രം പതിച്ച ബസ്.

ബെംഗളൂരു ∙ മലയാള സിനിമ ‘ആഭാസ’ത്തിന്റെ ചിത്രീകരണം ബെംഗളൂരുവിൽ തടഞ്ഞു. പാകിസ്ഥാൻ രാഷ്‌ട്രപിതാവ് മുഹമ്മദ്‌ അലി ജിന്നയുടെ ചിത്രം പതിച്ച ബസ്‌ ഉപയോഗിച്ചതിനെ തുടർന്നാണ് ഒരു സംഘം ചിത്രീകരണം തടസപ്പെടുത്തിയത്. പിന്നീട്, ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാൻ പൊലീസ് അനുമതി നൽകിയത്. 

ജൂഡിത്ത് സംവിധാനം ചെയ്യുന്ന ‘ആഭാസം’ സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്‌കോട്ടയിൽ പുരോഗമിക്കുകയാണ്. സിനിമക്കായി മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള ബസ് ഉപയോഗിച്ചിരുന്നു. രാജ്യദ്രോഹികൾ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. 

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.