ന്യൂഡൽഹി∙ യുവാക്കളിൽ ദേശസ്നേഹം വളർത്താൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സൈനിക സ്കൂളുകളുടെ മാതൃകയിൽ ഉടച്ചുവാർക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. മാനവശേഷി മന്ത്രാലയത്തിനാണു പ്രധാനമന്ത്രിയുടെ ഓഫിസ് ഇങ്ങനെയൊരു നിർദേശം നൽകിയതെന്ന് ദേശിയ മാധ്യമമായ 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളിൽ ദേശസ്നേഹവും അച്ചടക്കവും ശാരീരിക ക്ഷമതയും വളർത്തുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ നയിക്കുന്ന മാനവശേഷി മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം ചർച്ചചെയ്തു. കേന്ദ്രീയ വിദ്യാലയങ്ങൾ (കെവി), ജവഹർ നവോദയ വിദ്യാലയങ്ങൾ (ജെഎൻവി) എന്നിവിടങ്ങളിൽ സൈനിക സ്കൂളിന്റെ മാതൃക നടപ്പാക്കാൻ തീരുമാനിച്ചതായി സൂചനയുണ്ട്. സിബിഎസ്ഇയുമായും നിർദേശം ചർച്ച ചെയ്തു. കെവി, ജെഎൻവി എന്നിവിടങ്ങളിൽ സൈനിക സ്കൂൾ മാതൃക നടപ്പാക്കാൻ പ്രയാസമുണ്ടാകില്ലെന്നാണു കേന്ദ്രത്തിന്റെ കണക്കുക്കൂട്ടൽ. രാജ്യത്താകമാനം 20,000 സ്വകാര്യ സ്കൂളുകൾ സിബിഎസ്ഇയ്ക്കു കീഴിലുണ്ട്.
വി.കെ. കൃഷ്ണ മേനോൻ പ്രതിരോധമന്ത്രി ആയിരിക്കെ 1961ൽ ആണ് സൈനിക സ്കൂൾ എന്ന ആശയം കൊണ്ടുവന്നത്. യുവാക്കളെ പ്രതിരോധ മേഖലയിൽ ജോലിയെടുക്കാൻ പ്രാപ്തരാക്കുകയായിരുന്നു പ്രധാനലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോഴുള്ള എൻസിസിയും (നാഷനൽ കേഡറ്റ് കോർപ്സ്) ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ഥാപിച്ചത്. നിലവിൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ 25 സൈനിക സ്കൂളുകളാണു പ്രവർത്തിക്കുന്നത്.