Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയെ ഒഴിവാക്കിയതിൽ പി.ടി.ഉഷയ്ക്കും പങ്ക്: സിലക്ഷൻ കമ്മിറ്റി ചെയർമാൻ

PU Chithra പി.യു. ചിത്ര, പി.ടി. ഉഷ (ഫയൽ ചിത്രം)

കൊച്ചി ∙ ഏഷ്യന്‍ ചാംപ്യന്‍ പി.യു.ചിത്രയെ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിൽനിന്നും ഒഴിവാക്കിയതിൽ പി.ടി. ഉഷയ്ക്കും പങ്കെന്ന് സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ. പി.ടി. ഉഷയുടെ പിന്തുണയോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. താൻ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദേശത്തെ സെക്രട്ടറി സി.െക. വൽസനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.

ഉഷയ്ക്കെതിരെ കേരള അത്‍ലറ്റിക് അസോസിയേഷൻ
പി.യു. ചിത്രയെ ഒഴിവാക്കിയ നടപടിയിൽ പി.ടി. ഉഷയ്ക്കെതിരെ കേരള അത്‍ലറ്റിക് അസോസിയേഷനും രംഗത്തെത്തി. സിലക്‌ഷൻ കമ്മിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ലെന്നും സർക്കാരിന്റെ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ലെന്നും അസോസിയേഷൻ സെക്രട്ടറി പി. ഐ. ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. ലോകചാംപ്യൻഷിപ്പിനുള്ള 24 അംഗ ടീമിൽ 11 പേർ ഇന്റർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തിട്ടില്ല. സിലക്‌ഷൻ ലഭിച്ച ഉഷയുടെ ശിഷ്യയും ഇന്റർസ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തില്ല. മലയാളികളെ പൊട്ടൻമാരാക്കാമെന്ന് ഉഷ കരുതേണ്ടെന്നും കേരള അത്‍ലറ്റിക് അസോസിയേഷൻ പറഞ്ഞു. ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് വ്യക്തമാക്കി ദേശീയ അത്‍ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാനും കൊച്ചിയിൽ ചേർന്ന അസോസിയേഷൻ എക്സിക്യൂട്ടിവ് യോഗം വ്യക്തമാക്കി.

Read more: ഒരേ ട്രാക്കിൽ രണ്ടു നീതി !

സിലക്‌ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് പി.ടി. ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചത്. പ്രകടനത്തിൽ ചിത്ര സ്ഥിരത പുലർത്തുന്നില്ലെന്ന തടസ്സവാദം കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് അങ്ങനെയല്ല എന്നു തിരുത്താൻ തനിക്കു കഴിയില്ലല്ലോ എന്നാണ് ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇക്കാര്യത്തിൽ വികാരപരമായി തീരുമാനമെടുത്തിട്ടു കാര്യമില്ല. ചിത്രയെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് സിലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ.

Read More: പി.യു.ചിത്രയ്ക്കു യോഗ്യത നിഷേധിച്ച നടപടിയെ ന്യായീകരിച്ച് പി.ടി. ഉഷ

അതേസമയം, ചിത്രയെ ചാംപ്യൻഷിപ്പിൽ നിന്നും വിലക്കിയതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാ മാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കായിക ഫെഡറേഷനുകളുടെ പ്രവര്‍ത്തനഫണ്ട് എവിടെനിന്നെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് കായിക സംഘടനകളില്‍ ഇടപെടാന്‍ കഴിയുമോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അടുത്ത ദിവസം തന്നെ സിലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ നിലപാട് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

related stories