Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി–സിപിഎം സംഘർഷത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു: ഇന്റലിജൻസ് മേധാവി

Sayed Mohammed Yasin B

തിരുവനന്തപുരം∙ തലസ്ഥാന നഗരിയിൽ രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ. ഇന്നലെ രാത്രി ഒൻപതു മണിക്കു തന്നെ പൊലീസിനു രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫിസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടെന്നും മുഹമ്മദ് യാസിൻ പറഞ്ഞു.

സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ തുടർ സംഘർഷ സാധ്യത നിലനിൽക്കുന്നതായും അദ്ദേഹം അറിയിച്ചു. ജാഗ്രത പുലർത്താൻ ഉത്തരമേഖല എഡിജിപിക്കും തൃശൂർ റേഞ്ച് ഐജിക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് യാസിൻ പറഞ്ഞു. ഇന്നു പുലർച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിനും ബിനീഷ് കോടിയേരിയുടെ വീടിനും നേർക്കു നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഹമ്മദ് യാസിന്റെ പ്രതികരണം.

ബിജെപി ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റേത് ഉൾപ്പടെ ആറ് കാറുകൾ അക്രമികൾ അടിച്ചു തകർത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. സിപിഎം–ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കുനേരെ പലയിടത്തും ആക്രമണമുണ്ടായി.