കൊച്ചി ∙ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.
നിഷാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്.
നിഷാമിന്റെ മാനസികനില തകരാറിലാണെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിത്സയ്ക്കു സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുവായ പി.ഐ.അബ്ദുൽഖാദർ സമർപ്പിച്ച ഹർജിയിലാണു പരിശോധന നടത്താൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയത്. ഇതനുസരിച്ച് 29നു നിഷാമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. മാനസികാരോഗ്യവിദഗ്ധൻ ഗൗരവ് പി.ശങ്കർ ഉൾപ്പെട്ട മെഡിക്കൽ ബോർഡാണു പരിശോധന നടത്തിയത്.