Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷാമിനെ സഹായിച്ചവർ രക്ഷപ്പെട്ടു, കുടുക്കിയ എനിക്ക് സസ്പെൻഷനും: ജേക്കബ് ജോബ്

Jacob-Job

പത്തനംതിട്ട ∙ തൃശൂരിലെ ചന്ദ്രബോസ് വധക്കേസിൽ പ്രതി നിഷാമിന് അവിഹിത സൗകര്യങ്ങൾ നൽകിയവർക്കെതിരെ നടപടിയെടുക്കാതെ അതേപ്പറ്റി അന്വേഷിച്ച തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്. സർവീസ് കാലത്ത് ഏറ്റവും തന്റേടത്തോടെയും നെറിയോടെയും ചെയ്ത കാര്യം നിഷാമിന്റെ അറസ്റ്റാണ്. അതിനു തിക്താനുഭവം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ആരും കൂടെയുണ്ടാവില്ലെന്നു കരുതിയില്ലെന്നും ജേക്കബ് ജോബ് പറഞ്ഞു.

അന്വേഷണത്തിൽ ഞാൻ ചട്ടവിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച മേലുദ്യോഗസ്ഥനെയാണ് ഒരു സർവകലാശാല പിന്നീട് ഡീബാർ ചെയ്തത്. നിഷാമിനെതിരെ ബെംഗളൂരുവിലുള്ള കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഉദ്യോഗസ്ഥനോടു നിർദേശിച്ചെങ്കിലും നടപ്പായില്ല. നിഷാമിനെതിരെ മുൻപും ഒട്ടേറെ പരാതികളുണ്ടായിരുന്നു. ആരും നടപടിയെടുത്തില്ല. നിഷാമിൽനിന്നു വീതം പറ്റാത്തവർ തൃശൂരിൽ ചുരുക്കമാണ്. താൻ വാങ്ങിയിരുന്നെങ്കിൽ നോട്ട് നിരോധനം വന്നപ്പോൾ കത്തിച്ചു കളയേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

നിഷാമിനെതിരെ കാപ്പ ചുമത്താൻ മെമ്മോ നൽകിയത് ഇ മെയിൽ വഴിയാണ്. അങ്ങനെയൊരു മെമ്മോ ഇല്ലെന്ന് ഐജി പറഞ്ഞെങ്കിലും ഉണ്ടെന്നു പിന്നീടു തെളിഞ്ഞു. നിഷാം വിദേശത്തേക്കു കടക്കുമെന്നു വിവരം കിട്ടിയപ്പോഴാണ് രാത്രി തന്നെ അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഭീഷണികളും ചതിയും തുടങ്ങി. നിഷാമിന്റെ പേരിൽ കാപ്പ നിയമം ചുമത്താൻ തീരുമാനിച്ചപ്പോൾ എനിക്കു സസ്പെൻഷനും കിട്ടി.

നിഷാമുമായി ഒരു അവിഹിത ബന്ധവും എനിക്കില്ല. അയാളെ ആദ്യം കാണുന്നത് അറസ്റ്റ് ചെയ്തപ്പോഴാണ്. പിന്നെ രണ്ടു തവണ കണ്ടു. നിഷാമിനു ജാമ്യം കിട്ടുമെന്ന സ്ഥിതിയുണ്ടായിരുന്നു. കാപ്പ ചുമത്തിയതുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.

കേസിൽ അപാകത വരുത്തിയവരെപ്പറ്റി അന്വേഷിക്കാതെ ഞാൻ തനിച്ചു നിഷാമിനെ ചോദ്യം ചെയ്തതാണ് വലിയ പ്രശ്നമാക്കിയത്. ചോദ്യം ചെയ്തത് രഹസ്യ കേന്ദ്രത്തിലല്ല, എന്റെ ഓഫിസിലാണ്. ഇത്തരം കേസുകളിൽ ജില്ലാ പൊലീസ് മേധാവി ചോദ്യം ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ഈ കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ വെളിപ്പെടുത്താനാവില്ല. വിരമിച്ച ശേഷം അനുഭവങ്ങൾ വിവരിച്ച് പുസ്തകം എഴുതുമെന്നും ജേക്കബ് ജോബ് പറഞ്ഞു. ഈ മാസം 31നാണ് ജേക്കബ് ജോബ് വിരമിക്കുന്നത്.