ലണ്ടൻ ∙ സുവര്‍ണനേട്ടവുമായി ലോക അത്‌ലറ്റിക് മീറ്റിനോട് വിടപറഞ്ഞ് ബ്രിട്ടിഷ് താരം മോ ഫറ. പതിനായിരം മീറ്ററില്‍ ഹാട്രിക് സ്വര്‍ണവുമായാണ് മോ ഫറയുടെ മടക്കം. വിടവാങ്ങല്‍ ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടും കുതിപ്പ് തുടങ്ങി. 100 മീറ്റര്‍ ഹീറ്റ്സില്‍ 10.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് സെമിയിലേക്ക് യോഗ്യതനേടി.
പിന്നിൽനിന്നും ഓടിക്കയറി ബോൾട്ട്
പുരുഷൻമാരുടെ നൂറുമീറ്റർ ഹീറ്റ്സിൽ 10.07 സെക്കൻഡിൽ ഒന്നാമതെത്തിയാണ് ഉസൈൻ ബോൾട്ട് സെമിയിലേക്ക് യോഗ്യത നേടിയത്. തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു ബോൾട്ട്. ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.30 നാണ് 100 മീറ്റർ സെമിഫൈനൽ മൽസരങ്ങൾ. നാളെ പുലർച്ചെ 2.15നാണ് ഫൈനൽ.
മൂന്നാം ഹീറ്റ്സിൽ മൽസരിച്ച ജൂലിയൻ ഫോർട്ടിന്റേതാണ് ആദ്യ റൗണ്ടിലെ മികച്ച സമയം (9.99 സെക്കൻഡ്). രണ്ടാം ഹീറ്റ്സിലോടിയ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് ജപ്പാൻ താരം അബ്ദുൽ ഹക്കീം ബ്രൗണിനു പിന്നിൽ രണ്ടാമതായി. ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിനുശേഷം ലോകകായിക വേദിയോടു വിടപറയുന്ന ഉസൈൻ ബോൾട്ട് ചരിത്ര വിടവാങ്ങലാണ് ലക്ഷ്യമിടുന്നത്. 200 മീറ്ററിൽ നിന്നു പിൻമാറിയിയ ബോൾട്ട് ലണ്ടനിൽ 100 മീറ്ററിലും 4–100 മീറ്റർ റിലേയിലുമാണ് മൽസരിക്കുന്നത്.
വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മോ ഫറ
പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങല്‍ അവിസ്മരണീയമാക്കി. വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. മീറ്റിലെ മികച്ച സമയമായിരുന്നു ഫറേയുടേത്. 10000 മീറ്റല്‍ ഹാട്രിക് സ്വര്‍ണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി ഫറ മടങ്ങുമ്പോൾ, ഉഗാണ്ടയുടെ ജോഷ്വാ ചെച്ടഡറി, കെനിയയുടെ പോൾ താന്വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. മല്‍സരശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഫറെയുടെ വാക്കുകള്‍ മുറിഞ്ഞു.