ലണ്ടൻ ∙ ഒരു പതിറ്റാണ്ടു കാലത്തോളം ട്രാക്കുകളിൽ തീ പടർത്തി ലോക കായികവേദികളിൽ വേഗത്തിന്റെ പര്യായമായി നിറഞ്ഞുനിന്ന ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ട് ഗ്ലാമർ ഇനമായ 100 മീറ്ററിൽനിന്ന് വെങ്കലമെഡലുമായി പിൻവാങ്ങി. ലണ്ടനിൽ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്റർ ഫൈനലിൽ 9.95 സെക്കൻഡിൽ ഓടിയെത്തിയ ബോൾട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. 9.92 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ യുഎസ് താരം ജസ്റ്റിൻ ഗാട്‍ലിൻ സ്വര്‍ണവും 9.94 െസക്കൻഡിൽ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യൻ കോൾമാൻ വെള്ളിയും നേടി.
വ്യക്തിഗത ഇനത്തിൽ സ്വർണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4–100 മീറ്റർ റിലേയിൽ ജമൈക്കൻ ടീമിൽ അംഗമായി ബോൾട്ടിനെ ഒരിക്കൽ കൂടി മൽസരവേദിയിൽ കാണാം. 200 മീറ്ററിൽ നിന്നു പിൻമാറിയ ബോൾട്ട് 100 മീറ്ററിലും 4–100 മീറ്റർ റിലേയിലും മാത്രമേ ലണ്ടനിൽ മൽസരിക്കുന്നുള്ളൂ.
ഹീറ്റ്സിൽ 10.09 സെക്കൻഡും സെമിയിൽ 9.98 സെക്കൻഡും കുറിച്ച ബോൾട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. ഫലം, ഒളിംപിക്സിൽ എട്ടും ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 11ഉം സ്വർണനേട്ടവുമായി ആധുനിക അത്‍ലറ്റിക്സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്‍ലറ്റിക്സിലെ ഗ്ലാമർ ഇനത്തോട് വിടപറഞ്ഞു. നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡാണ് ലോക റെക്കോർഡ്.
മോശം തുടക്കം, രണ്ടാമനായി ഫൈനലിൽ
നേരത്തെ, മോശം സ്റ്റാർട്ട് ആയിരുന്നെങ്കിലും അവസാനം ഓടിക്കയറിയ ബോൾട്ട് തന്റെ സെമിയിൽ രണ്ടാമനായാണ് ഫൈനലിന് യോഗ്യത നേടിയത്. ബോൾട്ട് 9.98 സെക്കൻഡെടുത്തപ്പോൾ ഒന്നാമനായ യുഎസ് താരം കോൾമാൻ 9.97ൽ ഫിനിഷ് ചെയ്തു. നേരത്തേ, ഹീറ്റ്സിൽ ബോൾട്ടിന്റെ സമയം 10.07 സെക്കൻഡായിരുന്നു. അതേസമയം, സ്വർണം നേടിയ ജസ്റ്റിൻ ഗാട്‍ലിൻ സെമിയിൽ 10.09 സെക്കൻഡാണ് കുറിച്ചത്.
ഗാട്‍ലിനെ കൂകി വരവേറ്റ് കാണികൾ
ബോൾട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിൻ സ്വർണത്തിലേക്ക് ഓടിയെത്തിയപ്പോൾ കൂക്കുവിളികളോടെയാണ് കാണികൾ വരവേറ്റത്. കഴിഞ്ഞ രണ്ടു ലോക ചാംപ്യൻഷിപ്പുകളിലും ബോൾട്ടിനു പിന്നിൽ രണ്ടാമനായിരുന്ന ഗാട്‍ലിൻ, 2013നു ശേഷം ഇതാദ്യമായാണ് ബോൾട്ടിനെ തോൽപ്പിക്കുന്നത്. ഒന്നാമനായി ഓടിയെത്തിയശേഷം ചുണ്ടിൽ വിരൽ ചേർത്ത് കാണികളോട് നിശബ്ദരാകാൻ ആവശ്യപ്പെട്ട ഗാട്‍ലിൻ, ട്രാക്കിനോട് വിടപറയുന്ന പ്രിയ എതിരാളിയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് ആദരമർപ്പിച്ചു. ഉത്തേജകമരുന്നുപയോഗത്തിന്റെ പേരിൽ 2006 മുതൽ നാലുവർഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിൻ ട്രാക്കിലേക്കു മടങ്ങിയെത്തിയത്.
ബ്ലോക്കിനെ പഴിച്ച് ഉസൈൻ ബോൾട്ട്
ചരിത്രം കുറിക്കാനുറച്ചിറങ്ങിയ ഉസൈൻ ബോൾട്ട് 100 മീറ്ററിന്റെ ഹീറ്റ്സിലും സെമിയിലും വിജയം കണ്ടത് മോശം തുടക്കത്തിനുശേഷം. ഈ മീറ്റോടെ വിരമിക്കൽ പ്രഖ്യാപിച്ച ജമൈക്കൻ താരം പതിവുപോലെ അവസാന കുതിപ്പിലാണ് വിജയത്തിലേക്കെത്തിയത്. ഫൈനലിലും തുടക്കം മോശമായതോടെ ബോൾട്ട് കൈവിട്ടത് ലോക അത്‍ലറ്റിക് മീറ്റിലെ 12–ാം സ്വർണം.
ഹീറ്റ്സിനുശേഷം സ്റ്റാർട്ടിങ് ബ്ലോക്കിന്റെ നിലവാരമില്ലായ്മയെക്കുറിച്ചും ബോൾട്ട് ഊന്നിപ്പറഞ്ഞു. ഇത്തരം ബ്ലോക്കുകളോടു ഇഷ്ടമില്ലെന്നു തുറന്നടിച്ച ബോൾട്ട് സ്റ്റാർട്ടിങ് ബ്ലോക്ക് തനിക്കു പ്രശ്നമുണ്ടാക്കിയെന്നും പറഞ്ഞു. അതേസമയം, ഒളിംപിക്സിന് ഉപയോഗിച്ച അതേ നിലവാരത്തിലുള്ള ബ്ലോക്കുകളാണ് ഇവിടെയും ഉപയോഗിച്ചതെന്നാണ് സംഘാടകരുടെ വാദം.