Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദിച്ചുയർന്ന് മുഖ്താർ എഡ്രിസ്; വിടവാങ്ങൽ മൽസരത്തിൽ ഫറയ്ക്കു വെള്ളി മാത്രം

Edris-Farah 5000 മീറ്ററിലെ ഒളിംപിക് സ്വർണ മെഡൽ ജേതാവ് മോ ഫറയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണം നേടിയ എത്യോപ്യയുടെ മുഖ്താർ എഡ്രിസ് ഫറയുടെ പ്രശസ്തമായ ‘മോബോട്ട്’ ചിഹ്നം അനുകരിക്കുന്നു. ഇതു നോക്കിനിൽക്കുന്ന ഫറയാണ് പിന്നിൽ.

ലണ്ടൻ ∙ ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് വിടവാങ്ങൽ മൽസരത്തിൽ വെള്ളിത്തിളക്കം മാത്രം. ലോക വേദികളിലെ തുടർച്ചയായ പത്താം സ്വർണം ലക്ഷ്യമിട്ട് 5000 മീറ്റർ ഫൈനലിൽ മൽസരിക്കാനിറങ്ങിയ ഫറയെ എത്യോപ്യൻ താരം മുഖ്താർ എഡ്രിസിന്റെ അപ്രതീക്ഷിത കുതിപ്പാണ് വെള്ളിനേട്ടത്തിലൊതുക്കിയത്. 13.32.79 മിനിറ്റിൽ മൽസരം പൂർത്തിയാക്കിയാണ് എഡ്രിസ് സ്വർണം നേടിയത്. 13.33.22 മിനിറ്റിൽ ഫിനിഷിങ് ലൈൻ കടന്ന ഫറ വെള്ളി നേടിയപ്പോൾ, 13.33.22 മിനിറ്റിൽ ഓടിയെത്തിയ യുഎസ് താരം പോൾ ചെലീമോ വെങ്കലം നേടി.

അവസാന ലാപ്പിൽ ഏറെ പിന്നിലായിരുന്ന 34 കാരനായ ഫറ ആഞ്ഞുപൊരുതിയെങ്കിലും എഡ്രിസിനു തൊട്ടുപിന്നിലായി ആ പോരാട്ടം അവസാനിച്ചു. നേരത്തെ 10,000 മീറ്ററിൽ സ്വർണം നേടിയ ഫറയ്ക്ക് ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് ഇരട്ടസ്വർണത്തോടെ വിടവാങ്ങാനുള്ള അവസരവും ഇതോടെ നഷ്ടമായി. ഒപ്പം, ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഡബിളെന്ന സ്വപ്നനേട്ടവും ഫറയ്ക്ക് സ്വപ്നമായിത്തന്നെ അവസാനിച്ചു.

Mo-Farah- 5000 മീറ്ററിൽ രണ്ടാം സ്ഥാനത്തായിപ്പോയ മോ ഫറ നിരാശയോടെ ട്രാക്കിൽ കിടക്കുന്നു.

ആർത്തുവിളിച്ച നാട്ടുകാർക്കു മുന്നിൽ 26 മിനിറ്റ് 49.51 സെക്കന്റിൽ മൽസരം പൂർത്തിയാക്കിയാണ് 10,000 മീറ്ററിൽ ഫറ സ്വർണം കഴുത്തിലണിഞ്ഞത്.

related stories