Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരക്കാഴ്ചയായി ഉസൈൻ ബോൾട്ട്; 4–100 മീറ്റർ റിലേയിൽ ബ്രിട്ടന് സ്വർണം

Bolt പരുക്കിനെ തുടർന്ന് ഓട്ടം പൂർത്തിയാക്കാനാകാതെ നിരാശയോടെ ട്രാക്കിലിരിക്കുന്ന ഉസൈൻ ബോൾട്ട്.

ലണ്ടൻ ∙ മെഡൽപ്പട്ടികയിൽ ഇടം നേടാനായില്ലെങ്കിലും വേഗത്തിന്റെ രാജകുമാരൻ ശിരസ്സുയർത്തിത്തന്നെ ട്രാക്കൊഴിഞ്ഞു. വേഗം കൊണ്ട് ലോകത്തെ കോരിത്തരിപ്പിച്ച സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറിയ 4–100 മീറ്റർ റിലേയിൽ സ്വർണം ആതിഥേയരായ ബ്രിട്ടന്. 37.47 സെക്കൻഡിൽ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വർണം നേട്ടം. 100 മീറ്ററിലെ സ്വർണ, വെള്ളി മെഡൽ ജേതാക്കളെ അണിനിരത്തിയ അമേരിക്ക 37.52 സെക്കൻഡിൽ വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലം നേടി.

വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്ക സ്വർണം നേടി. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി. 

ബോൾട്ടി’ളകി മൽസരം പൂർത്തിയാക്കാനാകാതെ ജമൈക്ക

വിടവാങ്ങൽ മൽസരത്തിൽ ബോൾട്ടിനും ടീമിനും സ്വർണമോ വെള്ളിയോ എന്ന് കായിക ലോകം ചർച്ച െചയ്യുമ്പോൾ, വിധി സൂപ്പർതാരത്തിനായി കരുതിവച്ചത് തീർത്തും അപ്രതീക്ഷിതമായൊരു വിടവാങ്ങൽ. അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കൻ ടീം. ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയർത്തി കുതിക്കുന്നു.

ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയിൽ ബോൾട്ട് സ്വർണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകർ കാത്തിരിക്കവെ, പ്രതീക്ഷയ്ക്കൊത്ത് ബോൾട്ട് കുതിക്കാനാരംഭിച്ചു. എന്നാൽ, അൽപദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടിയതോടെ ആരാധകരുടെ മനസിൽ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങൾ മെഡലിലേക്ക് ഓടിക്കയറുമ്പോൾ ബോൾട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു. 

ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോൾട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികൾക്ക് നൊമ്പര കാഴ്ചയായി.

ബോൾട്ടിന്റെ മികവിൽ ജമൈക്കയ്ക്ക് ഫൈനൽ

കരിയറിലെ അവസാന മൽസരത്തിനിറങ്ങിയ ഉസൈൻ ബോൾട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലിൽ കടന്നത്. സീസണിൽ തങ്ങളുടെ ഏറ്റവും മികച്ച സമയം (37.95 സെക്കൻഡ്) കുറിച്ചാണ് ജമൈക്ക സെമിഫൈനൽ ഹീറ്റ്സിൽ ഒന്നാമതെത്തിയത്. അവസാന ലാപ്പ് ഓടിയ ബോൾട്ട് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഫ്രാൻസ്, ചൈന എന്നിവരാണ് പിന്നിലായത്. ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് അമേരിക്കയും ഫൈനലിലെത്തിയത്. 100 മീറ്ററിൽ ബോൾട്ടിനു മുന്നിൽ വെള്ളി നേടിയ ക്രിസ്റ്റ്യൻ കോൾമാൻ ഉൾപ്പെട്ട ടീം 37.70 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി.

Bolt-and-Jamaican-team 4–100 മീറ്റർ റിലേ ഹീറ്റ്സിൽ മൽസരിക്കുന്ന ഉസൈൻ ബോൾട്ട്.

37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനൊപ്പം ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിൽ മാറ്റുരയ്ക്കാനെത്തി.

related stories