തലശേരി ∙ കേരളത്തിലെ മതസൗഹാർദം തകർക്കാൻ ചില കേന്ദ്രങ്ങളിൽനിന്നു ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നു പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. മകന്റെ വിവാഹച്ചടങ്ങിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യം മുഴുവൻ വർഗീയത പടരുമ്പോഴും കേരളം ഒരു പച്ചത്തുരുത്തായി അവശേഷിച്ചിരുന്നു. അതു നശിപ്പിക്കാനാണു ശ്രമം. ഹിന്ദു ദൈവങ്ങൾക്കെതിരെയും ആരാധനാലായങ്ങൾക്കെതിരെയും ഞാൻ പണ്ടു പ്രസംഗിച്ചുവെന്ന പേരിൽ ചില ദൃശ്യങ്ങൾ ഇത്തവണ കേരളത്തിലെത്തിയപ്പോൾ ഒരു ചാനൽ പ്രദർശിപ്പിച്ചു. ഇതു വളരെയധികം ഹൃദയവേദനയുണ്ടാക്കി. – മഅദനി പറഞ്ഞു.
അതേസമയം, അബ്ദുൾ നാസർ മദനിക്കു തലശ്ശേരിയിൽ വാർത്താ സമ്മേളനം നടത്താൻ സൗകര്യമൊരുക്കിയ സംസ്ഥാന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ഗുരുതരമായ ഈ കുറ്റം ഇടതുസർക്കാരിന്റെ ഒത്താശയോടുകൂടിയാണു നടന്നത്. തലശ്ശേരി പാരീസ് കമ്യൂണിറ്റി ഹാളിൽ നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർത്താ സമ്മേളനം നടന്നത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇടതു സർക്കാരിന്റെ ദേശവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.