മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത് ‘ഒരു ദിവസത്തെ’ റെക്കോർഡുമായി

ഏറ്റവും കൂടുതൽ കാലം ഉപരാഷ്‌ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോർഡുമായിട്ടാണ് മുഹമ്മദ് ഹാമിദ് അൻസാരി പടിയിറങ്ങുന്നത്. 2007 ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത അൻസാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2012 ഓഗസ്റ്റ് 11ന് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി പദവിയിൽ മൊത്തം 3653 ദിവസം.

∙ രണ്ടു തവണ സ്ഥാനം വഹിച്ച പ്രഥമ ഉപരാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ (1952 മേയ് 13 – 1962 മേയ് 12) 3652 ദിവസമാണ് ഈ സ്ഥാനം വഹിച്ചത്. ഹാമിദ് അൻസാരിക്ക് മൂന്ന് അധിവർഷങ്ങളുടെ (2008, 2012, 2016) ആനുകൂല്യം ലഭിച്ചപ്പോൾ രാധാകൃഷ്‌ണന് ലഭിച്ചത് രണ്ടു (1956, 1960) മാത്രം. ഇരുവരുമല്ലാതെ മറ്റാരും രണ്ടുതവണ ഈ സ്ഥാനം വഹിച്ചിട്ടില്ല.  

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവർക്കൊപ്പം ഹാമിദ് അൻസാരി.

∙ മുഹമ്മദ് ഹിദായത്തുല്ലയുടെ അഞ്ചുവർഷ കാലാവധിയ്ക്കിടയിൽ (1979 ഓഗസ്റ്റ് 31 – 1984 ഓഗസ്റ്റ് 30) രണ്ട് അധിവർഷങ്ങൾ (1980, 1984) വന്നതിനാൽ അദ്ദേഹത്തിനാണ് മൂന്നാം സ്ഥാനം (1827 ദിവസം). ഡോ. സക്കീർ ഹുസൈൻ, ഗോപാൽ സ്വരൂപ് പാഥക്, ബാസപ്പ ദാനപ്പ ജെട്ടി എന്നിവർ (1826 ദിവസം) തൊട്ടുപിന്നാലെയുണ്ട്.

∙ അഞ്ചു വർഷം തികയുന്നതിന് അൽപം മുൻപ് ഡോ. ശങ്കർ ദയാൽ ശർമ്മയും കെ ആർ നാരായണനും രാഷ്ട്രപതിയായി; കൃഷ്ണ കാന്ത് നിര്യാതനായി; ഭൈറോൺ സിങ് ശെഖാവത്ത് രാജിവച്ചു. 

സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്ന ചടങ്ങിൽ അവർക്കൊപ്പം ഹാമിദ് അൻസാരി.

∙ വരാഹഗിരി വെങ്കട ഗിരിയാണ് ഏറ്റവും കറഞ്ഞ കാലം (1967 മേയ് 13 – 1969 ജൂലൈ 20; 799 ദിവസം) ഈ സ്ഥാനം വഹിച്ചത്. ഇതിൽ അവസാനത്തെ 78 ദിവസം (1969 മേയ് 3‍ – 1969 ജൂലൈ 20) അദ്ദേഹം താൽക്കാലിക രാഷ്‌ട്രപതിയും പിന്നീട് രാഷ്‌ട്രപതിയും (1969 ഓഗസ്റ്റ് 24 – 1974 ഓഗസ്റ്റ് 24) ആയിരുന്നു. 

∙ അഞ്ചു വർഷത്തിൽ താഴെ ഉപരാഷ്‌ട്രപതിയായ മറ്റൊരാൾ ആർ വെങ്കട്ടരാമൻ (1984 ഓഗസ്റ്റ് 31 – 1987 ജൂലൈ 24; 1058 ദിവസം) ആണ്.

നാലു സത്യപ്രതിജ്ഞകൾ ഒരുമിച്ച്

∙ ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന്റെ മുമ്പാകെയാണ് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയുടെ മുമ്പാകെയും.

∙ ഇന്ത്യ റിപ്പബ്ലിക്കായ ദിവസമാണ് (1950 ജനുവരി 26) ആദ്യത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ നടന്നത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് ജെ കാനിയയുടെ മുമ്പാകെ ഡോ. രാജേന്ദ്രപ്രസാദ് സത്യപ്രതിജ്‍ഞചെയ്തു.

∙ ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം നിലവിൽ വന്നത് 1952ലാണ്. അന്നു മുതൽ നാലു തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സത്യപ്രതിജ്ഞ ഒരേ ചടങ്ങിലാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലെ മേയ് 13ന് ഇവ ഒരുമിച്ചു നടന്നു. രാഷ്‌ട്രപതി–ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് ഏഴ്, 1967 മേയ് ആറ്) ഒരുമിച്ചാണ് നടന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്.

∙ രണ്ടു രാഷ്‌ട്രപതിമാരുടെ നിര്യാണമാണ് ഈ ക്രമം തെറ്റിച്ചത്. ഡോ. സക്കീർ ഹുസൈൻ 1969 മേയ് മൂന്നിന് അന്തരിച്ച ഒഴിവിൽ പുതിയ രാഷ്ട്രപതി വി.വി. ഗിരി 1969 ഓഗസ്റ്റ് 24നും വി.വി. ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ഒഴിവിൽ ജി.എസ്. പാഥക് ഓഗസ്റ്റ് 31നും സത്യപ്രതിജ്ഞ ചെയ്തു. കൃത്യം അഞ്ചു വർഷത്തിനുശേഷം പിൻഗാമികളുടെ സത്യപ്രതിജ്ഞയും നടന്നു.

∙ 1974 ഓഗസ്റ്റ് 24ന് സ്ഥാനമേറ്റ ഫക്രുദിൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11ന് നിര്യാതനായി. തുടര്‍ന്നു വന്ന നീലം സഞ്ജീവ റെഡ്ഡി 1977 ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്തു. അന്നു മുതൽ ഓരോ അ‍ഞ്ചു വർഷം കഴിയുമ്പോഴും ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ നടന്നു വരുന്നു.

∙ അടുത്ത രണ്ട് ഉപരാഷ്ട്രപതിമാരുടെ (1979, 1984) സത്യപ്രതിജ്ഞയും ഓഗസ്റ്റ് 31നു നടന്നു. 1984 ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയായ ആർ. വെങ്കട്ടരാമൻ 1987 ജൂലൈ 24ന് രാഷ്ട്രപതിയായതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുന്ന പതിവ് തുടങ്ങി. കൃഷ്ണകാന്തിന്റെ നിര്യാണത്തോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അൽ‌പം കൂടി നേരത്തെയായി.