കൊച്ചി ∙ മൊബൈൽ ഷോറും ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുൻപിൽ തടിച്ചു കൂടിയത് ആയിരങ്ങൾ. രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതെങ്കിലും ഒന്നര മണിക്കൂർ വൈകിയാണു താരം വേദിയിലെത്തിയത്. രാവിലെ ഒൻപതര മുതൽ ആരാധകർ താരത്തെ കാത്തു നിൽക്കുകയായിരുന്നു. അംഗരക്ഷകരുടെ അകമ്പടിയുണ്ടായിരുന്നെങ്കിലും കനത്ത തിരക്കിൽ ഏറെ പ്രയാസപ്പെട്ടാണു താരം വേദിയിലെത്തിയത്.
തന്നെ കാണാനെത്തിയവരുടെ തിരക്കു കണ്ടു താരം ശരിക്കും ഞെട്ടി. തിരക്കു മൂലം പലപ്പോഴും എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി. എന്നാൽ സണ്ണിയെ കാണാനായി രണ്ടടി കൊണ്ടാലും സാരമില്ലെന്ന മട്ടിലായിരുന്നു യുവആരാധകരിൽ പലരും. മെട്രോയുടെ ഭാഗമായി എംജി റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതും താഴെ വീണു.
കൊച്ചിയിൽ ആദ്യമായാണു എത്തുന്നതെങ്കിലും ദക്ഷിണേന്ത്യൻ നഗരങ്ങൾ സന്ദർശിക്കാൻ തനിക്കെപ്പോളും സന്തോഷമാണുള്ളതെന്നും ചോദ്യങ്ങൾക്കു മറുപടിയായി സണ്ണി ലിയോൺ പറഞ്ഞു. ആളുകൾ ഏറെ സന്തോഷത്തോടെ ജീവിക്കുന്നതു കൊണ്ടാകും കേരളത്തിനു ദൈവത്തിന്റെ സ്വന്തം നാടെന്ന പേരു കിട്ടിയത്. നീല ജലാശയങ്ങളും പച്ചപ്പും നിറഞ്ഞ കേരളം മനോഹരമായ കാഴ്ചയാണു സമ്മാനിക്കുന്നതെന്നും അവർ പറഞ്ഞു. ബോളിവുഡിലെ അനുഭവത്തെ കുറിച്ചു ചോദിച്ചപ്പോൾ താരതമ്യം ചെയ്യാനായി മറ്റു വിദേശ ഭാഷകളിലെ സിനിമകൾ താൻ ചെയ്തിട്ടില്ലെന്നായി സണ്ണി.
കരൺജിത്ത് കൗർ വോറ എന്നാണു യഥാർത്ഥ പേരെങ്കിലും ഗ്ലാമറിന്റെ ലോകത്ത് എത്തിയതോടെ സണ്ണി ലിയോൺ എന്ന പേരു സ്വീകരിക്കുകയായിരുന്നു. കാനഡയിൽ ജനിച്ചു വളർന്ന സണ്ണിയുടെ വേരുകൾ ഇന്ത്യയിലാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രകടനമാണു സണ്ണിയെ ബോളിവുഡിൽ എത്തിച്ചത്. പിഎസ്‌വി ഗരുഡ വേഗ, തേരാ ഇംതസാർ എന്നിവയാണു സണ്ണിയുടെ റിലീസാകാനുള്ള പുതിയ ചിത്രങ്ങൾ.
യുവാക്കളുടെ ഹരമായി മാറിയ താരം ഒട്ടേറെ സിനിമകളിൽ ഐറ്റം ഡാൻസറായും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. നടനായ ഡാനിയേൽ വെബ്ബറാണു ഭർത്താവ്. അടുത്തിടെ ഇവർ പെൺകുട്ടിയെ ദത്തെടുത്തതു വാർത്തയായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പദ്ധതികളിലും സജീവ പങ്കാളിയാണു ഈ മാദക സുന്ദരി.