ഗ്ലാസ്ഗോ ∙ പ്രതീക്ഷകളുടെ അമിത ഭാരവുമായിറങ്ങിയ പി.വി. സിന്ധുവിന് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെള്ളിത്തിളക്കം. കലാശപ്പോരിൽ ജപ്പാന്റെ നസോമി ഒകുഹയോട് പൊരുതി കീഴടങ്ങിയ സിന്ധു, സൈന നെഹ്‌വാളിനു ശേഷം ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 2015 ജക്കാർത്തയിലായിരുന്നു സൈനയുടെ വെള്ളി നേട്ടം. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാംപ്യൻഷിപ്പിലെ മെഡൽ നേട്ടം ഇതോടെ മൂന്നായി. സ്കോർ: 19-21, 22-20, 20–22.
ഒപ്പത്തിനൊപ്പം മൂന്നാം സെറ്റ്
ആദ്യ രണ്ടു സെറ്റുകളിൽനിന്നും വ്യത്യസ്തമായി ഇത്തവണ ആദ്യ പോയന്റുകൾ നേടിയത് ജപ്പാൻ താരം. എന്നാൽ സിന്ധു കളംപിടിച്ചതോടെ മൽസരം ആവേശത്തിലായി. ഓരോ പോയന്റുകൾ നേടി ഇരുവരും ഒപ്പത്തിനൊപ്പം. ഇടയ്ക്ക് സിന്ധു മൽസരം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജപ്പാൻ താരം തിരിച്ചടിച്ചു. ഫൈനലിലെ ഏറ്റവും നീണ്ട പോരാട്ടത്തിനൊടുവിൽ സെറ്റ് സ്വന്തമാക്കി ജാപ്പാൻ താരം നസോമി ഒകുഹ സ്വർണത്തിലേക്ക്. ഇന്ത്യക്കാർക്ക് അഭിമാനത്തിനു വക നൽകി സിന്ധുവിന് വെള്ളിയും.
തിരിച്ചുവരവിന്റെ രണ്ടാം സെറ്റ്
സ്വർണ പ്രതീക്ഷ നിലനിർത്താൻ രണ്ടാം സെറ്റ് അനിവാര്യമാണെന്ന തിരിച്ചറിവിൽ കളത്തിലിറങ്ങിയ സിന്ധുവിന് കടുത്ത പോരാട്ടമാണ് എതിരാളിയിൽനിന്ന് േനരിടേണ്ടി വന്നത്. ആദ്യ സെറ്റുപോലെ ഇത്തവണയും മികച്ചതായിരുന്നു സിന്ധുവിന്റെ തുടക്കം. ഇടയ്ക്കൊന്നു പതറിയതോടെ ആദ്യ സെറ്റിന്റെ ആവർത്തനമാകും രണ്ടാം സെറ്റിലെന്ന തോന്നലുയർന്നു. എന്നാൽ, കൃത്യസമയത്ത് മികവു വീണ്ടെടുത്ത സിന്ധു സെറ്റ് സ്വന്തമാക്കി. നീണ്ട 72 ഷോട്ടുകൾക്ക് ശേഷമാണ് സിന്ധു ഗെയിം പോയന്റിലേക്ക് എത്തിയത് എന്ന് അറിയുമ്പോൾ മനസിലാക്കാം പോരാട്ടത്തിന്റെ തീവ്രത. സ്കോർ 22–20.
പിഴവുകളുടെ ആദ്യ സെറ്റ്
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാകാനുള്ള പോരാട്ടത്തിൽ തകർപ്പൻ തുടക്കമായിരുന്നു സിന്ധുവിന്റേത്. ആത്മവിശ്വാസത്തോടെ മൽസരം തുടങ്ങിയ സിന്ധുവിന് പിന്നീട് അടിപതറി. തുടക്കത്തിൽ മികച്ച ലീഡെടുത്ത സിന്ധു ഇടയ്ക്ക് പിന്നാക്കം പോയി. അവസാന നിമിഷങ്ങളിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും വൈകിപ്പോയിരുന്നു. നിർണായക ഘട്ടത്തിലെ പിഴവുകൾ തിരിച്ചടിച്ചതോടെ ആദ്യ സെറ്റ് നഷ്ടം. സ്കോർ 19–21.
ഫൈനലിലേയ്ക്കുള്ള വഴി
ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് കെട്ടുകെട്ടിച്ചാണ് സിന്ധു ഫൈനലിനു യോഗ്യത നേടിയത്. 21–13, 21–10 എന്ന സ്കോറിൽ അനായാസമായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശം. റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യൻഷിപ്പ് ഫൈനലായിരുന്നു ഇത്.
അതേസമയം, ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് നസോമി ഒകുഹറ ഫൈനലിൽ ഇടം നേടിയത്. കരിയറിലെ രണ്ടാം ലോക ചാംപ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ സൈനയെ ആദ്യ സെറ്റു നഷ്ടപ്പെടുത്തിയ ശേഷമാണ് ഒകുഹറ പിടിച്ചു കെട്ടിയത്. സ്കോർ: 21–18, 15–21, 7–21.
ലോക ചാംപ്യൻഷിപ്പിൽ ഇതുവരെ മെഡൽ നേടിയ ഇന്ത്യക്കാർ
∙ 1983–കോപ്പൻഹേഗൻ – പ്രകാശ് പദുക്കോൺ– പുരുഷ സിംഗിൾസ് (വെങ്കലം)
∙ 2011–ലണ്ടൻ – ജ്വാല ഗുട്ട/ അശ്വനി പൊന്നപ്പ– വനിതാ ഡബിൾസ് (വെങ്കലം)
∙ 2013–ഗ്വാങ്‌ഷൂ – പി. വി. സിന്ധു– വനിതാ സിംഗിൾസ് (വെങ്കലം)
∙ 2014–കോപ്പൻഹേഗൻ – പി. വി. സിന്ധു– വനിതാ സിംഗിൾസ് (വെങ്കലം)
∙ 2015–ജക്കാർത്ത – സൈന നെഹ്‍വാൾ– വനിതാ സിംഗിൾസ്
∙ 2017– ഗ്ലാസ്ഗോ – പി.വി. സിന്ധു– വനിതാ സിംഗിൾസ് (വെള്ളി)