കൊച്ചി∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ നാലു മണിക്കൂർ തടസ്സപ്പെട്ടു. റൺവേയിൽ ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. പിന്നീടു മൂടൽമഞ്ഞു മാറിയശേഷം രാവിലെ എട്ടരയോടെ വിമാനങ്ങൾ ലാൻഡ് ചെയ്തു. അഞ്ചു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണു വഴിതിരിച്ചുവിട്ടതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനങ്ങൾ കോയമ്പത്തൂരിലേക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണു വഴിതിരിച്ചു വിട്ടത്. അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസിനെ മൂടൽമഞ്ഞു ബാധിച്ചില്ല. ലാൻഡിങ്ങിനെ മാത്രമാണു ബാധിച്ചത്. ടേക്ക് ഓഫ് വിമാനങ്ങൾ കൃത്യസമയത്തുതന്നെ ഇവിടെനിന്നു പുറപ്പെട്ടിരുന്നു.
ജെറ്റ് എയർവേസിന്റെ ഷാർജ – കൊച്ചി വിമാനം, ഒമാൻ എയർവേസിന്റെ മസ്കറ്റ് – കൊച്ചി, ഇൻഡിഗോയുടെ ദുബായ് – കൊച്ചി, മസ്കറ്റ് – കൊച്ചി, എയർ ഏഷ്യയുടെ ക്വാലലംപുർ സർവീസ് തുടങ്ങിയവയാണ് നെടുമ്പാശേരിയിൽ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ട രാജ്യാന്തര സർവീസുകൾ. ഇൻഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരിൽ ലാൻഡ് ചെയ്തിരുന്നു. ഇൻഡിഗോയുടെ രണ്ട് ആഭ്യന്തര സർവീസുകളായ പുണെ – കൊച്ചി, ചെന്നൈ – കൊച്ചി വിമാനവും വഴിതിരിച്ചു വിട്ടു. പുണെ – കൊച്ചി വിമാനം ഹൈദരാബാദിലേക്കാണ് തിരിച്ചുവിട്ടത്. വിമാനങ്ങളെല്ലാം തിരിച്ചുവന്നു തുടങ്ങി