Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിർസയിലെ ഗുർമീതിന്റെ വസതിയിൽനിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം

Vehicles-of-the-search-team റെയ്ഡിന്റെ രണ്ടാം ദിനത്തിൽ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തേക്കു പോകുന്ന വാഹനങ്ങൾ.

ചണ്ഡിഗഡ് ∙ ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുതൽ ദുരൂഹതകൾ ചുരുളഴിയുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന പരിശോധനയിൽ ആശ്രമ ‌പരിസരത്ത് സ്ഫോടക വസ്തു നിർമാണശാല കണ്ടെത്തി. ഇവിടെനിന്ന് 85 പെട്ടി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത പൊലീസ്, ഫാക്ടറി പൂട്ടി സീൽ ചെയ്തു.

പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായ കരിമരുന്ന് ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇവ ആയുധ നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നോ എന്ന് വിശദമായി പരിശോധിക്കും. പൊലീസിനൊപ്പമുള്ള ഫൊറൻസിക് സംഘം സ്ഫോടക വസ്തുക്കൾ പരിശോധിക്കുകയാണ്.

വനിതാ ഹോസ്റ്റലിലേക്കൊരു തുരങ്കം

അതിനിടെ, ആശ്രമത്തിനള്ളിൽ രണ്ട് തുരങ്കങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അതിൽ ഒന്ന് ഗുർമീത് റാം റഹിമിന്റെ സ്വകാര്യ വസതിയിൽനിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലിൽ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്കു തുറക്കുന്നതാണ്. അത്യാവശ്യ ഘട്ടം വന്നാൽ ഗുർമീതിനും അനുചരൻമാർക്കും രക്ഷപ്പെടാൻ നിർമിച്ചതാണ് ഈ തുരങ്കമെന്നു കരുതുന്നു.

Sirsa സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തേയ്ക്കുള്ള റോഡ് (ഫയൽ ചിത്രം)

ആശ്രമത്തിനുള്ളിൽ അത്യാഡംബര കെട്ടിടങ്ങളും ഒട്ടേറെയുണ്ടെന്നാണ് വിവരം. പാരിസിലെ ഈഫൽ ടവർ, ആഗ്രയിലെ താജ് മഹൽ, ഫ്ലോറിഡയിലെ ഡിസ്നി വേൾഡ്, മോസ്കോയിലെ ക്രെംലിൻ കൊട്ടാരം തുടങ്ങിയവരുടെ അനുകരണനിർമിതികളും ആശ്രമത്തിനുള്ളിൽ കണ്ടെത്തി. സെവൻ സ്റ്റാർ സൗകര്യങ്ങളോടു കൂടിയ എംഎസ്ജി റിസോർട്ടും ആശ്രമത്തിലുണ്ട്.

ഇന്റർനാഷനൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്ററുകൾ തുടങ്ങിയവയും ആശ്രമത്തിലുണ്ട്. തിയറ്ററുകളെല്ലാം റാം റഹിം അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ളതാണ്. ആശ്രമത്തിനുള്ളിലെ എല്ലാ കെട്ടിടങ്ങളിലും ഗുർമീതിന്റെ വലിയ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

പരിശോധന കോടതി നിർദ്ദേശപ്രകാരം

ഗുർമീത് റാം റഹിം മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയാണ് ദേരാ സച്ചാ സൗദയുടെ സിർസയിലെ ആസ്ഥാനം ഒഴിപ്പിച്ച് പരിശോധന നടത്താൻ ഉത്തരവിട്ടത്. മുൻ ജഡ്ജി കൂടിയായ എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. ദേരാ സച്ചാ സൗദ ആസ്ഥാനം ‘ശുചീകരിക്കൽ’ എന്ന പ്രഖ്യാപനത്തോടെ നടക്കുന്ന പരിശോധനയും ഒഴിപ്പിക്കൽ നടപടിയും ഒരാഴ്ചയോളം നീണ്ടുനിൽക്കും.

ദേരാ സച്ചാ സൗദ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷമാണ് വൻ സുരക്ഷാ സന്നാഹങ്ങളോടെയുള്ള പരിശോധന. മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധി വന്ന ദിവസം ഉത്തരേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷാ സന്നാഹം.

Dera Sacha Sauda

നടപടിയുടെ ഭാഗമായി സിർസ ജില്ലയിൽ ഈ മാസം 10 വരെ ഇന്റർനെറ്റിനും എസ്എംഎസിനും നിരോധനം ഏർപ്പെടുത്തി. പരിശോധനയ്ക്കെതിരെ ദേരാ സച്ചാ അനുയായികൾ സംഘടിക്കുന്നത് ഒഴിവാക്കാനാണിത്. ആശ്രമത്തിനുള്ളിലെ ഗുർമീതിന്റെ വസതിയെന്ന നിലയിൽ കുപ്രസിദ്ധമായ ‘ഗുഫ’യിലും പ്രത്യേകം പരിശോധന നടത്തും. അനുയായികളായിരുന്ന പെൺകുട്ടികളെ ഗുർമീത് പീഡിപ്പിച്ചിരുന്നത് ഇവിടെ വച്ചായിരുന്നു.

അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുർമീതിന് 20 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ 38 പേരാണ് കൊല്ലപ്പെട്ടത്. കോടതി വിധി ഗുർമീതിന് എതിരായാൽ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികൾക്കിടയിൽ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം കണ്ടെത്തിയിരുന്നു.

പരിശോധന വൻ സന്നാഹത്തോടെ

41 അർധസൈനിക കമ്പനികളും നാല് സൈനിക സംഘങ്ങളും ഡോഗ്, ബോംബ് സ്ക്വാഡുകളും നാൽപതോളം കമാൻഡോമാരും പ്രത്യേക ഫൊറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നാലു ജില്ലകളിൽനിന്നുള്ള 5000ൽ അധികം പൊലീസുകാരെയാണ് പരിശോധനയുടെ ഭാഗമായി വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. പരിശോധനാ നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തുന്നുണ്ട്. ഇതിനായി അൻപതിലധികം വിഡിയോഗ്രഫർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂട്ടുകൾ പൊളിക്കുന്നതിൽ വിദഗ്ധരായ പത്തിലധികം പേരും സംഘത്തിലുണ്ട്. ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടണലുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഴിച്ചു പരിശോധിക്കാനുള്ള സൗകര്യങ്ങളും സിർസയിലെത്തിച്ചിട്ടുണ്ട്.

ആസ്ഥാനത്തിനുള്ളിൽ കടന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായിട്ടാണ് ബോംബ് സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. അഗ്നിശമന സേനയും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. അടിയന്തര ഘട്ടത്തിൽ സഹായം തേടുന്നതിനായി ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്

ഗുർമീതിനു സ്വന്തമായി കറൻസിയും?

പരിശോധനയ്ക്കിടെ ആശ്രമത്തിനുള്ളിലെ വ്യാപാര കേന്ദ്രത്തിൽനിന്ന് പ്ലാസ്റ്റിക് കറൻസികൾ കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിനുള്ളിൽ മാത്രം ഉപയോഗിക്കുന്നതെന്ന് കരുതുന്ന ‘പ്ലാസ്റ്റിക് കറൻസി’കളാണ് കണ്ടെത്തിയത്. ആസ്ഥാനത്തെ ഓഫിസുകളിൽനിന്ന് കംപ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും പണവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ദുരൂഹത തോന്നിയ ചില മുറികൾ അടച്ചു സീൽ ചെയ്തു.

Plastic-Coins

ദേരാ സച്ചാ സൗദ ആസ്ഥാനം

പൊലീസ് ഉൾപ്പടെയുള്ളവർക്ക് പ്രവശനമില്ലാത്ത ദേരാ സച്ചാ സൗദയുടെ ആസ്ഥാനം എക്കാലത്തും വലിയ ദുരൂഹത ഒളിഞ്ഞിരിക്കുന്നിടമാണ്. ഹരിയാനയിലെ സിർസയിൽ സ്കൂളുകളും ആശുപത്രികളും സിനിമാശാലകളുമായി ആയിരം ഏക്കറിൽ പരന്നുകിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പാണു ദേരാ സച്ചാ സൗദയുടെ ആസ്ഥാനം. ആയിരക്കണക്കിന് അനുയായികളാണ് ആശ്രമത്തിനുള്ളിൽ താമസിക്കുന്നത്. മാനഭംഗക്കേസിൽ ഗുർമീത് ശിക്ഷിക്കപ്പെട്ടതോടെ ഒട്ടേറെപ്പേർ ആശ്രമം വിട്ടുപോയിരുന്നു. ചിലരെ ജില്ലാ ഭരണകൂടം ഇടപെട്ട് ഇവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

ആശ്രമത്തിനുള്ളിൽ മൃതദേഹങ്ങളും?

ആസ്ഥാനത്ത് പൊലീസ് പരിശോധന ഉറപ്പായതിനു പിന്നാലെ, ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങൾ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂൻ’ രംഗത്തെത്തി. മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങൾ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഗുർമീത് റാം റഹിമാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആസ്ഥാനത്തിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കിയതെന്നാണ് വെളിപ്പെടുത്തൽ.

ആശ്രമത്തിനുള്ളിൽ ഗുർമീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ അദ്ദേഹം കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ ആശ്രമത്തിനുള്ളിൽത്തന്നെ അടക്കം ചെയ്യുകയും ചെയ്യുന്നതായി വിവിധ കോണുകളിൽനിന്ന് ആരോപണം ഉയർന്നിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങൾ ആശ്രമത്തിനുള്ളിൽ സംസ്കരിക്കുന്ന പതിവുണ്ടെന്ന വെളിപ്പെടുത്തൽ.

സംയമനം പാലിക്കണമെന്ന് അനുയായികൾക്ക് നിർദ്ദേശം

പരിശോധന നടക്കുന്ന സാഹചര്യത്തിൽ സംയമനം പാലിച്ച് പൊലീസിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ ആസ്ഥാനത്തുള്ള അനുയായികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദേരാ സച്ചാ സൗദാ വക്താവ് വ്യക്തമാക്കി. നിയമാനുസൃതം മാത്രം പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും സംഘടനാ വക്താവ് വിപാസന ഇൻസാൻ വ്യക്തമാക്കി.