Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദുമായി ഫോണി‍ൽ ബന്ധപ്പെടാറുണ്ട്, ഒടുവിൽ വിളിച്ചത് ഈ മാസമാദ്യം: കസ്കർ

Dawood Ibrahim

മുംബൈ ∙ ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന കാര്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിക്കുമ്പോഴും, കഴിഞ്ഞ കുറച്ചു നാളുകൾക്കിടെ നാലോളം തവണ ദാവൂദുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇളയ സഹോദരൻ ഇക്ബാൽ കസ്കർ. ഇന്റലിജൻസ് ഏജൻസികൾ ഫോൺ ചോർത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകം നിർമിച്ച ‘ബേണർ ഫോണു’കളും ‘സിം ബോക്സു’കളും ഉപയോഗിച്ചായിരുന്നു വിളികളെന്നും കസ്കർ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കസ്കർ, പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ദക്ഷിണ മുംബൈയിൽ ക്രഫോഡ് മാർക്കറ്റിനടുത്ത് ഭേൻഡി ബസാറിൽ 117 വർഷം പഴക്കമുള്ള അഞ്ചു നിലക്കെട്ടിടം തകർന്നു വീണിരുന്നു. ഇക്ബാൽ കസ്കർ ഉൾപ്പെടെയുള്ള ദാവൂദിന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന പക്മോഡിയെ സ്ട്രീറ്റ് മേഖലയിലുള്ള ഹുസൈനിവാല എന്ന കെട്ടിടമാണ് തകർന്നത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ഈ അപകടത്തിനു പിന്നാലെയാണ് ഒടുവിലായി ദാവൂദിനെ വിളിച്ചതെന്നും കസ്കർ വെളിപ്പെടുത്തി. ഇയാളുടെ മൊഴി പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബേണർ ഫോണുകളും സിം ബോക്സും

ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഫോണുകളാണ് ‘ബേണർ ഫോണു’കൾ. ആവശ്യം കഴിയുമ്പോൾ ഇത്തരം ഫോണുകൾ നശിപ്പിച്ചു കളയാറാണ് പതിവ്. അതുകൊണ്ടുതന്നെ ഇന്റലിജൻസ് ഏജൻസികള്‍ക്ക് ബേണർ ഫോണുകളിലൂടെയുള്ള വിളികളെ പിന്തുടരാനാകില്ല. അതേസമയം, വിളിക്കുന്നയാളുടെ നമ്പറും മറ്റു വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘സിം ബോക്സ്’ എന്ന് അറിയപ്പെടുന്നത്.

ഇന്റർനെറ്റ് സംവിധാനം വഴി ഫോൺ കോളുകൾ നടത്താൻ സഹായിക്കുന്ന വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോളിലൂടെയുള്ള (VOIP–വൊയ്പ്) വിളികൾ പിന്തുടരാൻ ബുദ്ധിമുട്ടായതിനാൽ ഇത്തരം മാർഗങ്ങളാകാം കസ്കറിനെപ്പോലുള്ളവർ ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഫോൺ വിളികൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദാവൂദ് ഇന്ത്യയ്ക്ക് ‘തൊട്ടടുത്തു’ തന്നെ

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിട്ട ദാവൂദ് ഇബ്രാഹിം നിലവിൽ പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം. ഇടയ്ക്ക് ദുബായ് കേന്ദ്രമാക്കിയും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇയാളുടെ സ്ഥിരതാമസം കറാച്ചിയിലാണെന്നാണ് ഇന്ത്യ കരുതുന്നത്. അതേസമയം, കറാച്ചിയിലാണെങ്കിലും ഇന്ത്യയിലെ ബന്ധുക്കളുമായി ദാവൂദ് ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നാണ് കസ്കറിന്റെ മൊഴികൾ നൽകുന്ന സൂചന.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് കസ്കർ വെളിപ്പെടുത്തിയിരുന്നു. കുടുംബവുമായി മുംബൈയിൽ കഴിയുന്ന പിതാവ് സലിം കശ്മീരിയെ കാണാനാണ് മെഹ്ജാബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയത്. പിതാവിനെയും ബന്ധുക്കളെയും കണ്ടശേഷം വളരെപെട്ടെന്ന് അവർ രാജ്യം വിടുകയും ചെയ്തതായി കസ്കർ വെളിപ്പെടുത്തി.

ഒരു ബിസിനസുകാരൻ നൽകിയ പരാതിയെ തുടർന്ന് ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കസ്കറിനെ പിടികൂടിയത്. മുംബൈയിലെ ഭൂമി ഇടപാടുകളിൽ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയർത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസിൽ പ്രതിയായിരുന്നു ഇക്ബാൽ കസ്കർ. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്നു പറഞ്ഞു 2007ൽ കോടതി വിട്ടയച്ചു.

ഫോൺ വിവാദം മുൻപും

ദാവൂദ് ഇബ്രാഹിം മുഖ്യപ്രതിയായ മുംബൈ ഭീകരാക്രണമവുമായി ബന്ധപ്പെട്ട് ഇന്ത്യ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ സഹോദരൻ ടൈഗമർ മേമനും ഇന്ത്യയിലേക്ക് ഫോൺ വിളിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു പ്രതികാരം ചെയ്യുമെന്നു സഹോദരനും 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകരിൽ ഒരാളുമായ ടൈഗർ മേമൻ മുന്നറിയിപ്പു നൽകിയെന്നായിരുന്നു റിപ്പോർട്ട്.

യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒന്നേകാൽ മണിക്കൂർ മുൻപു മാഹിമിലെ കുടുംബവീട്ടിലേക്കു ടൈഗർ മേമൻ ഫോൺ ചെയ്ത് ഉമ്മ ഹനീഫ ഉൾപ്പെടെയുള്ളവരോടു സംസാരിച്ചെന്നാണു റിപ്പോർട്ടുണ്ടായിരുന്നത്. ഇന്റർനെറ്റ് ഫോൺ വഴിയായിരുന്നു സംഭാഷണമെന്നും വർഷങ്ങൾക്കു ശേഷമാണു ടൈഗർ മേമന്റെ ശബ്‌ദം വീട്ടുകാർ കേൾക്കുന്നതെന്നുമായിരുന്നു വാർത്ത.

എന്നാൽ, ടൈഗർ മേമൻ വിളിച്ചിട്ടില്ലെന്നായിരുന്നു മഹാരാഷ്‌ട്രാ ആഭ്യന്തര സെക്രട്ടറി കെ.പി. ബക്‌ഷിയുടെ വിശദീകരണം. ഫോൺ സംഭാഷണം, ഭീഷണി എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ മുംബൈ പൊലീസും തള്ളിക്കളഞ്ഞു.