Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ് ഷായ്ക്കെതിരെയുള്ള ആരോപണം: തെളിവുണ്ടെങ്കിൽ മതി അന്വേഷണമെന്ന് ആർഎസ്എസ്

jai-Amit-Shah

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ചട്ടങ്ങൾ മറികടന്ന ആനുകൂല്യങ്ങൾ നേടിയെടുത്തെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ആർഎസ്എസ്. ജയ് ഷായ്ക്കെതിരായ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ മാത്രമെ അന്വേഷണത്തിന്റെ ആവശ്യമുള്ളുവെന്ന് ആർഎസ്എസ് അറിയിച്ചു. ഭോപ്പാലിൽ നടന്ന യോഗത്തിനിടെയാണ് ആർഎസ്എസ് ഇക്കാര്യം അറിയിച്ചത്.

ആർക്കെതിരെയെങ്കിലും അഴിമതിയാരോപണം ഉണ്ടെങ്കിൽ അവർക്കെതിരെ അന്വേഷണം നടത്തണം. എന്നാൽ തെറ്റായി എന്തെങ്കിലും നടന്നെന്നതിന് പ്രാഥമികമായി തെളിവുകൾ വേണമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ അഭിപ്രായപ്പെട്ടു. ആരോപണമുന്നയിച്ചവർക്ക് അത് തെളിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജയ് ഷായുടെ കമ്പനിക്ക് ലഭിച്ചിട്ടുള്ള വായ്പകളെല്ലാം സുതാര്യമായ രീതിയിലാണ് അനുവദിച്ചത്. അതെല്ലാം പലിശ സഹിതം തിരിച്ചടച്ചിട്ടുണ്ടെന്നും ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. അമിത് ഷായുടെ മകനെതിരെ അന്വേഷണം വേണമെന്ന് ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ജയ് ഷായുടെ കമ്പനിയുടെ ആസ്തി 50,000 രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 89 കോടി രൂപയായി ഉയർന്നതിൽ ക്രമക്കേടുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് വിഷയത്തിൽ ആർഎസ്എസ് നിലപാട് വ്യക്തമാക്കിയത്.