സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി; പ്രഖ്യാപനം ഇൻഡോറിൽ‌

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽനിന്ന്. ചിത്രം: ജെ.സുരേഷ്

ഇൻഡോർ∙ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോ വായിച്ചു. ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോയും ഇംഗ്ലിഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വായിച്ചു. കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് സാക്ഷ്യം വഹിച്ചത്. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയായ സിസ്റ്റർ റാണി മരിയ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്സിസി) സന്യാസിനീസഭാംഗമാണ്. ഇൻഡോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു. സിസ്റ്റർ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: ജെ.സുരേഷ്