Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് ഞാനല്ല; അഭ്യൂഹങ്ങള്‍ തള്ളി സ്മൃതി ഇറാനി

Smriti Irani

ന്യൂഡൽഹി∙ ഗുജറാത്തിൽ താൻ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തനിക്കെതിരെ പ്രവർത്തിക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണങ്ങൾ സ്മൃതി തള്ളിയത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കൊപ്പം സ്മൃതി ഇറാനിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്ത ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി ആലോചിക്കുന്നതെന്നാണ് വിവരം. പട്ടേല്‍, ദലിത്, ഒബിസി തുടങ്ങി വിവിധ ജാതിവിഭാഗങ്ങൾക്കും സർക്കാരിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങളുടെ ബിജെപിയോടുള്ള എതിർപ്പ് മുതലെടുത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തിയിരുന്നു. 80 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യം ഇത്തവണ വിജയക്കൊടി പാറിച്ചത്.

നിലവിലെ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, ബിജെപി അധ്യക്ഷൻ ജീതു വഖാനി, കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, പ്രദീപ്സിങ് ജഡേജ തുടങ്ങിയവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പു ജയിച്ചാൽ വിജയ് രൂപാണി തന്നെ വീണ്ടും ഗുജറാത്തിൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഫലം വന്നപ്പോൾ നൂറ് സീറ്റു പോലും നേടാൻ ബിജെപിക്ക് സാധിച്ചില്ല. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രൂപാണിയുടെ സാധ്യതകൾക്ക് മങ്ങലേറ്റു. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. വിജയിച്ചാല്‍ രൂപാണി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായും നേരത്തെ അറിയിച്ചിരുന്നു.