Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ എംബസി റജിസ്ട്രേഷനിൽ കാർ; ഉപയോഗിച്ചത് അതീവ സുരക്ഷാ നമ്പർ

Fake Registration Car

തിരുവനന്തപുരം ∙ പാറശാലയില്‍ വ്യാജ എംബസി റജിസ്ട്രേഷനിലുള്ള കാര്‍ മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. അരുവല്ലൂര്‍ സ്വദേശി ബിനുവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത കാര്‍ മാസങ്ങളായി വിവാഹ ചടങ്ങുകളിലടക്കം ടാക്സിയായി ഒാടുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഉടമ മുങ്ങി. വാഹന നിര്‍മാതാക്കള്‍ ഈ കാർ ഇസ്രയേലി എംബസിക്ക് നേരിട്ടു വിറ്റതാണെന്ന് തെളി‍ഞ്ഞിട്ടുണ്ട്.

109 സിഡി 13 എന്ന നമ്പരിലുള്ള കാറാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധിക്കു വിദേശകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള അതീവ സുരക്ഷാനമ്പരാണിത്. ഈ നമ്പര്‍ ഉപയോഗിച്ച് കേരള– തമിഴ്നാട് അതിര്‍ത്തിയില്‍ നാല് ടാക്സികള്‍ ഒാടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. ഒടുവില്‍ അരുവല്ലൂര്‍ സ്വദേശി ബിനുവിന്റെ വീട്ടില്‍നിന്നു ഒരു കാര്‍ കണ്ടെടുത്തു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതറിഞ്ഞതോടെ ബിനു മുങ്ങി. രേഖകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ കാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വാഹന നിര്‍മാതാക്കളെ ബന്ധപ്പെട്ടപ്പോള്‍ കാര്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് നേരിട്ടു വിറ്റതാണെന്ന് വ്യക്തമായി. നീലപ്രതലത്തില്‍ വെളുത്ത അക്ഷരത്തിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് എംബസി വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളാണ്. അതുകൊണ്ടുതന്നെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് വ്യക്തമാണ്. മാത്രമല്ല എംബസി ലേലം ചെയ്ത വാഹനം ആരെങ്കിലും വാങ്ങിയതാണെങ്കിൽ പോലും സുരക്ഷാ നമ്പര്‍ ഉപയോഗിച്ച് ഒാടുന്നത് കുറ്റകരമാണ്.

പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനയില്‍നിന്ന് രക്ഷപെടാന്‍ നമ്പര്‍ പ്ലേറ്റ് വ്യാജമായി നിര്‍മിച്ചതാകാമെന്നാണ് സൂചന. ഇതേ നമ്പർ പ്ലേറ്റ് വച്ചാണോ നാല് കാറുകളും ഒാടിയതെന്നും സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത കാര്‍ കഴിഞ്ഞദിവസം വിവാഹ ചടങ്ങിനും കൊണ്ടുവന്നിരുന്നു.

related stories