പാലക്കാട് ∙ തൃത്താല എംഎൽഎ വി.ടി. ബൽറാമിന്റെ ഓഫിസിന്റെ ബോർഡ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. എ.കെ. ഗോപാലനെതിരെ ബൽറാം നടത്തിയ പരാമർശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവർത്തകർ കരിഓയിൽ പ്രയോഗവും നടത്തി. എകെജിയുമായി ബന്ധപ്പെടുന്ന പരാമർശങ്ങൾ ഉൾപ്പെടുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ബൽറാം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
അക്രമവുമായി ബന്ധപ്പെട്ട് 10 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുൽ കരീം (34), ബ്ലോക്ക് സെക്രട്ടറി പി.പി.സുമോദ് (33), പ്രസിഡന്റ് കെ.പി.പ്രജീഷ് (32), ട്രഷറർ പി.പി.വിജീഷ് (31), കെ.പി.അഭിലാഷ് (30), കെ.പി.അരുൺ (28), ടി.പി.ഷഫീഖ് (30), പി.നിജാസ് (25), പി.പാവ്‌ലോ (26), അരുൺ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു.

ഡിവൈഎഫ്ഐയുടെ പ്രതിഷേധം അവസാനിച്ചതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നു പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇവർ പിൻവാങ്ങിയത്. മേഖലയിലെ കോൺഗ്രസ്, സിപിഎം ഓഫിസുകൾക്കും വി.ടി.ബൽറാം എംഎൽഎയുടെ വീടിനും പൊലീസ് സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച പുലർച്ചെ ബൽറാമിന്റെ ഓഫിസിനു നേരെ അജ്ഞാതർ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ബൽറാമിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും ബൽറാമിന്റെ പരാമർശത്തെ എതിർത്ത് രംഗത്തെത്തി.
എകെജി– സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂെട ബല്‍റാമിനെതിരെ ഉണ്ടാകുന്നത്.