മുംബൈ∙ വിവാദങ്ങളുടെ വേലിയേറ്റം പിന്നിട്ട് ദീപിക പദുക്കോൺ ചിത്രം ‘പത്മാവതി’ തിയറ്ററുകളിലേക്ക്. ബോളിവുഡ് സംവിധായകൻ സഞ്ജയ്‌ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവതി’ ഈമാസം 25ന് ‘പത്മാവത്’ എന്ന് പേരുമാറ്റിയാണ് റിലീസ് ചെയ്യുക.
പത്മാവത് എന്ന് പേരുമാറ്റുകയും രംഗങ്ങളിൽ 26 മാറ്റങ്ങളും വരുത്തിയാൽ ‘യുഎ’ സർട്ടിഫിക്കറ്റ് നൽകാമെന്നു സെൻസർ ബോർഡ് അണിയറക്കാരെ അറിയിച്ചിരുന്നു. നിയമവിരുദ്ധ ആചാരമായ ‘സതി’യെ അനുകൂലിക്കുന്നില്ലെന്ന മുന്നറിയിപ്പ് സിനിമയ്ക്കു മുൻപായി പ്രദർശിപ്പിക്കണം എന്നതുൾപ്പെടെ മറ്റു നിർദേശങ്ങളുമുണ്ട്. ഇതെല്ലാം അംഗീകരിച്ചതോടെയാണ് പ്രദർശനാനുമതി ലഭിച്ചത്.
സൂഫി കവി മാലിക് മുഹമ്മദ് ജയാസി 400 വർഷം മുൻപ് എഴുതിയ ‘പത്മാവത്’ എന്ന കവിതയെ അടിസ്ഥാനമാക്കിയാണു തന്റെ ചിത്രമെന്നു സംവിധായകൻ ബൻസാലി വിശദീകരിച്ചിരുന്നു. 150 കോടിയിലേറെ രൂപ മുടക്കി ചിത്രീകരിച്ച സിനിമയിൽ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരാണു മുഖ്യ അഭിനേതാക്കൾ. ചരിത്രം വികലമായി ചിത്രീകരിച്ചെന്നാരോപിച്ചു രജ്പുത് കർണിസേന നടത്തിയ പ്രതിഷേധത്തെ തുടർന്നു ചില സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു.
ദേശീയ തലത്തിൽ വലിയ ചർച്ചയായ പത്മാവതിന്, അക്ഷയ്കുമാർ നായകനായ ‘പാഡ്മാൻ’ ആണ് മുഖ്യ എതിരാളിയാവുക. രണ്ടു സിനിമയും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍.ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. സോനം കപൂറും രാധികാ ആപ്തയുമാണ് നായികമാർ. ഡിസംബർ ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന പത്മാവത്, വിവാദങ്ങളെ തുടർന്നാണ് വൈകിയത്.