മര്‍ഗാവ് (ഗോവ)∙ ആതിഥേയരായ എഫ്‌സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ജംഷെഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ രണ്ടു ഗോളുകളും സ്‌പാനിഷ് മിഡ് ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി നേടി. ആദ്യ പകുതിയിലെ അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ പെനാൽറ്റി ഗോളിലൂടെ മാനുവല്‍ ലാന്‍സറോട്ടി സ്‌കോര്‍ ബോര്‍ഡ് തുറന്നു. രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ ജംഷെഡ്‌പൂര്‍ എഫ്‌സി ട്രിന്‍ഡാഡ ഗൊണ്‍സാല്‍വസിലൂടെ സമനില നേടിയെങ്കിലും 60ാം മിനിറ്റില്‍ ലാന്‍സറോട്ടി ഫീല്‍ഡ് ഗോളിലൂടെ ഗോവയെ വിജയത്തിലെത്തിച്ചു.
മത്സരത്തില്‍ 61% മുന്‍തൂക്കം ഗോവയ്‌ക്കായിരുന്നു. എന്നാല്‍ കോര്‍ണറുകളുടെ എണ്ണത്തില്‍ ജംഷെഡ്‌പൂര്‍ മുന്നിലെത്തി. എട്ടു കോര്‍ണറുകള്‍ ജംഷെഡ്‌പൂരിനും രണ്ടെണ്ണം ഗോവയ്‌ക്കും ലഭിച്ചു. രണ്ടു ടീമുകളും ഓണ്‍ ടാര്‍ജറ്റില്‍ മൂന്നു തവണ പന്ത് എത്തിച്ചു. ഈ ജയത്തോടെ ഗോവ 16 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ജംഷെഡ്‌പൂര്‍ 10 പോയിന്റുമായി എഴാം സ്ഥാനം തുടര്‍ന്നു. എഫസി ഗോവയുടെ സെന്റര്‍ ബാക്ക് ബ്രൂണോ പിന്‍ഹിറോ്‌യ്‌ക്കാണു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം.
കഴിഞ്ഞ മത്സരങ്ങളില്‍നിന്നും വിഭിന്നമായി ജംഷെഡ്‌പൂര്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ടു കോര്‍ണര്‍ കിക്കുകളും ജംഷെഡ്‌പൂര്‍ സമ്പാദിച്ചു. 11-ാം മിനിറ്റില്‍ ട്രിന്‍ഡാഡെ എടുത്ത ഫ്രീ കിക്ക് ഗോവന്‍ ഗോള്‍ മുഖത്തു ഭീഷണി മാത്രം ഉയര്‍ത്തി കടന്നുപോയി. ജംഷെഡ്‌പൂരിന്റെ ആക്രമണങ്ങള്‍ക്കു തടയിടാനുള്ള ശ്രമത്തില്‍ ഗോവയുടെ മൊറോക്കന്‍ താരം അഹമ്മദ് ജാഹൂ ആദ്യം തന്നെ മഞ്ഞക്കാര്‍ഡും വാങ്ങി.
ഹാട്രിക് സ്‌പെഷലിസ്‌റ്റ് ഫെറാന്‍ കൊറോമിനാസിനെ മുന്നില്‍ നിര്‍ത്തി ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, മാനുവല്‍ ലാന്‍സറോട്ടി, മന്ദര്‍ റാവു ദേശായി എന്നിവരിലൂടെയാണു ഗോവയുടെ ആക്രമണങ്ങള്‍ രൂപപ്പെട്ടത്. മറുവശത്ത് ഇസു അസൂക്കയെ മുന്നില്‍ നിര്‍ത്തി ബികാഷ് ജെയ്‌റു, ജെറി, സിദ്ധാര്‍ത്ഥ് എന്നിവരിലൂടെയായിരുന്നു ജംഷെഡ്‌പൂരിന്റെ ആക്രമണങ്ങള്‍.
19-ാം മിനിറ്റില്‍ ഇസുഅസൂക്കയുടെ തകര്‍പ്പന്‍ ഷോട്ട് ഇഞ്ച് വ്യത്യാസത്തിലാണ് അകന്നുപോയത്. 24-ാം മിനിറ്റിലാണു ഗോവയ്‌ക്കു അനൂകൂലമായ ആദ്യ കോര്‍ണര്‍ വന്നത്. 28-ാം മിനിറ്റില്‍ ഗോവന്‍ ബോക്‌സിനകത്തു നടന്ന കൂട്ടപ്പോരിച്ചിലിനിടെ ജാംഷ്‌ഡ്‌പൂരിന്റെ മൂന്നു കളിക്കാര്‍ക്കു പോസ്‌റ്റിനെ ഉന്നം വയ്ക്കാന്‍ കഴിയാതെ പോയി. 38-ാം മിനിറ്റില്‍ ഗോവയുടെ നാരായണ്‍ ദാസിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെയും കടന്നുപോയി.
ജെറിയെ ഫൗള്‍ ചെയ്‌തതിനു ഗോവയുടെ ലാന്‍സറോട്ടിയ്‌ക്കു മഞ്ഞക്കാര്‍ഡ് നല്‍കിയതിനു പിന്നാലെ ഗോവയ്‌ക്കു അനുകൂലമായി പെനാല്‍ട്ടി മാനുവല്‍ ലാന്‍സറോട്ടിയില്‍നിന്നു പന്തുമായി കുതിച്ച ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ ബോക്‌സിനകത്തുവച്ച് ആന്ദ്രെ ബിക്കെ ഫൗള്‍ ചെയ്‌തതിനു റഫ്‌റി ആര്‍. വെങ്കടേഷ് പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ ജംഷെഡ്‌പൂരിന്റെ ഗോളി സുബ്രതോ പോള്‍ പന്തു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. ഇതിനു സുബ്രതോ പോളിനു മഞ്ഞക്കാര്‍ഡ്. വീണ്ടും നാടകീയമായ സംഭവവികാസങ്ങള്‍ തുടര്‍ന്നു. കിക്കെടുത്ത ലാന്‍സറോട്ടി പന്ത് വലയിലാക്കിയെങ്കിലും റഫ്‌റി വീണ്ടും കിക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ഇത്തവണയും റീപ്ലേ പോലെ ലാന്‍സറോട്ടി വീണ്ടും വലകുലുക്കി (1-0).
രണ്ടാം പകുതി എറെ വൈകാതെ ജംഷെഡ്‌പൂര്‍ ഗോള്‍ മടക്കി. മെമോ എടുത്ത ഫ്രീ കിക്കാണു വഴിയൊരുക്കിയത്. മെമോയുടെ കിക്ക് അപകടം ഒഴിവാക്കി കടന്നുപോയെങ്കിലും വലതുവിങ്ങില്‍ പന്ത് കിട്ടിയ ജെറിഗോവന്‍ ബോക്‌സിനകത്തേക്കു ഉയര്‍ത്തിവിട്ടു. ചാടി ഉയര്‍ന്ന ട്രിന്‍ഡാഡ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (1-1). എന്നാല്‍ ജംഷെഡ്‌പൂരിന്റെ ആഹ്ലാദത്തിനു ആയുസ് കുറവായിരുന്നു. 60 ാം മിനിറ്റില്‍ ഗോവ വീണ്ടും ലീഡ് നേടി. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ത്രൂ പാസില്‍ ജംഷെഡ്‌പൂരിന്റെ കളിക്കാരുടെ ഇടയിലൂടെ ഓടി മുന്നിലെത്തിയ ലാന്‍സറോട്ടി ഒപ്പം ഓടി വന്ന ഷൗവിക്കിനെയും തിരിയെയും പിന്നിലാക്കി വട്ടം തിരിഞ്ഞു ലാന്‍സറോട്ടി പന്ത് ഇടംകാലന്‍ ഷോട്ടിലൂടെ വലയിലേക്കു ലക്ഷ്യം വെച്ചു. (2-1). ലാന്‍സറോട്ടി പന്തുമായി കുതിക്കുമ്പോള്‍ ജംഷെഡ്‌പൂരിന്റെ പ്രതിരോധനിര ഓഫ് സൈഡ് കൊടി ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ റഫ്‌റി ജംഷെഡ്‌പൂരിന്റെ ആവശ്യം തള്ളി ഗോള്‍ അനുവദിച്ചു.
ഇതോടെ ജംഷെഡ്‌പൂര്‍ എഫ്‌സി ഒറ്റയടിക്ക്ു മൂന്നു സബ്‌സ്റ്റിറ്റ്യൂഷനുകള്‍ നടത്തി. ഷൗവിക് ഘോഷിനു പകരം ഫറൂഖ് ചൗധരിയേയും ട്രിന്‍ഡാഡയ്‌ക്കു പകരം കെവന്‍സ് ബെല്‍ഫോര്‍ട്ടിനെയും സിദ്ധാര്‍ത്ഥ് സിങ്ങിനു പകരം ആഷിം ബിശ്വാസിനെയും ഇറക്കി. പക്ഷേ, ഫലം ഉണ്ടായില്ല. ഗോവ വര്‍ധിത വീര്യത്തോടെ ലീഡ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. 85 ാം മിനിറ്റില്‍ ഗോളുടമ ലാന്‌സറോട്ടിയെ പിന്‍വലിച്ചു സെര്‍ജിയോ ഇറങ്ങി.
86-ാം മിനിറ്റില്‍ ഗോവയുടെ എഡു ബെഡിയ ഗോള്‍ കീപ്പര്‍ പോലും ഇല്ലാതിരുന്ന അവസരത്തില്‍ പന്ത് സൈഡ് നെറ്റിലേക്കു പായിച്ചു കനകാവസരം തുലച്ചു. രണ്ടു ടീമുകളും ഇനി സ്വന്തം ഗ്രൗണ്ടില്‍ കേരള ബ്ലസ്‌റ്റേഴ്‌സിനെ നേരിടും. ജംഷെഡ്‌പൂര്‍ 17നും ഗോവ 21നും ആയിരിക്കും കേരള ബ്ലാസറ്റേഴ്‌സിനെ നേരിടുക.