പുണെ∙ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആതിഥേയരായ എഫ്‌സി പുണെ സിറ്റിയെ ബെംഗളൂരു എഫ്‌സി ഗോൾ രഹിത സമനിലയിൽ തളച്ചു. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും 90 മിനിറ്റും പൊരുതി. എന്നാൽ ഗോൾ മാത്രം വന്നില്ല. രണ്ട് ടീമുകളും മികച്ച അവസരങ്ങൾ തുറന്നെടുത്തിരുന്നു. കളിയിലുടനീളം പുണെയാണ് ആക്രമണത്തിൽ മികച്ചു നിന്നത്. എന്നാൽ ബെംഗളൂരു എഫ്‌സി പ്രതിരോധത്തിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചതും. മാർച്ച് 11നു രണ്ടാം പാദ സെമി ബംഗളൂരുവിൽ നടക്കുമ്പോൾ സ്വന്തം കാണികളുടെ പിന്തുണയോടെ വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരിക്കാം ബെംഗളൂരും ആക്രമണത്തിൽ കൂടുതൽ ശ്രദ്ധിക്കാതിരുന്നത്. എന്നിട്ടും ചില നല്ല അവസരങ്ങൾ അവർക്കു ലഭിക്കുകയുണ്ടായി.
ഒന്നാം പകുതിയിൽ പുണെയാണു കളിയിൽ മികവു പുലർത്തിയത്. വലതു വിങ്ങിൽ അവരുടെ മലയാളി താരം ആഷിക് കുരുണിയാൻ നല്ല ഫോമിലായിരുന്നു. പല തവണ ആഷിക് ബെംഗളൂരുവിന്റെ ബോക്‌സിലേക്കു പന്തെത്തിച്ചു. എന്നാൽ അതെടുക്കാനോ തൊടുക്കാനോ പുണെയുടെ മുന്നേറ്റ താരങ്ങളായ മാർസലീന്യോയ്ക്കും അൽഫാരോവിനും കഴിഞ്ഞില്ല. ബെംഗളൂരുവിന്റെ പ്രതിരോധം അവരെ അതിന് അനുവദിച്ചില്ല. ഇരുവരെയും കൃത്യമായി മാർക്കു ചെയ്ത ബെംഗളൂരു പ്രതിരോധം അവരെ അനങ്ങാൻ വിട്ടില്ല.
ഒൻപതാം മിനിറ്റിൽ ആഷിക്കിന്റെ ഉഗ്രൻ ക്രോസിൽ ഷോട്ടെടുക്കാൻ അവരുടെ ഉറുഗ്വൻ താരം എമില്യാനോ അൽഫാരോ പരാജയപ്പെട്ടു. ഇടതു വിങ്ങിൽനിന്നു ഡീഗോ കർലോസും പല തവണ ബെംഗളൂരു ബോക്‌സിലേക്കു പന്തെത്തിച്ചു. ഇവയും ലക്ഷ്യത്തിലെത്തിക്കാൻ ആർക്കും കഴിഞ്ഞില്ല. 36ാം മിനിറ്റിൽ ആഷിക്കിന്റെ മറ്റൊരു ക്രോസ് മാർസലീന്യോയും പാഴാക്കി.
ഒന്നാം പകുതിയിൽ എടുത്തു പറയേണ്ട ഒന്ന് 30ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കാണ്. ഏകദേശം 25 വാര അകലെനിന്നു ഛേത്രി തൊടുത്ത കിക്ക് അതിവേഗത്തിലാണു ലക്ഷ്യത്തിലേക്കു കുതിച്ചത്. എന്നാൽ പന്തിന്റെ വരവു വ്യക്തമായി മനസിലാക്കിയ പുണെ ഗോളി വിശാൽ കെയ്ത് കൃത്യമായി ഡൈവ് ചെയ്തു അതകറ്റി. ഒന്നാം പകുതിയിൽ പിറന്ന ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്.
സ്വന്തം ഗ്രൗണ്ടിൽ എങ്ങെനെയും വിജയിക്കുക എന്ന കണക്കുകൂട്ടലിൽ രണ്ടാം പകുതിയിലും പുണെ തന്നെയാണു കൂടുതലും ആക്രമണത്തിൽ ശ്രദ്ധിച്ചത്. എന്നാൽ ഗോൾ മാത്രം അവരുടെ വഴിക്കു വന്നില്ല. 50ാം മിനിറ്റിൽ ബെംഗളൂരുവിനാണു വീണ്ടും നല്ലൊരവസരം ലഭിച്ചത്. കോർണർ കിക്കിൽനിന്നു ഉയർന്നു വന്ന പന്ത് അവരുടെ പ്രതിരോധ നിരക്കാരൻ ബോക്‌സിലേക്കു ഇട്ടു. എന്നാൽ ഗോളിയെ മാത്രം മുന്നിൽ നിർത്തി അതു പാഴായി പോകുമ്പോൾ സുനിൽ ഛേത്രിയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ പുണെ ആഷിക്കിനു പകരം ഐസക്കിനെയും ഡീഗോ കാർലോസിനു പകരം ലൂക്കയെയും കൊണ്ടുവന്നു പരീക്ഷിച്ചു. എന്നാൽ അതിനും ഫലമുണ്ടായില്ല. ഇരു ടീമുകളും ഇതു മൂന്നാം തവണയാണ് ഈ സീസണിൽ ഏറ്റുമുട്ടുന്നത്. പുണെയിൽ നടന്ന മത്സരത്തിൽ ബെംഗളൂരു ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു ജയിച്ചപ്പോൾ ബംഗളൂരുവിൽ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിയുകയായിരുന്നു.