മുംബൈ∙ ഐഎസ്എല്ലിൽ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ ബെംഗളുരു എഫ്സിക്ക് ഏഴാം ജയം. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നുഗോളിനു ബെംഗളുരു തകർത്തു. സുനിൽ ഛേത്രി (43, 52), നിക്കോളസ് ഫെഡോർ മികു(63) എന്നിവരുടെ ഗോളുകളിലാണു ബെംഗളുരുവിന്റെ ജയം. മുംബൈയ്ക്കായി ലിയോ കോസ്റ്റ (76) ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു ബെംഗളുരുവിന്റെ ആദ്യ ഗോൾ. ബൽവന്ത് സിങ്ങിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ബെംഗളുരുവിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിയിൽ സുനിൽ ഛേത്രി വീണ്ടും ലക്ഷ്യം കണ്ടു. 52–ാം മിനിറ്റിൽ ഉദാന്ത സിങ്ങിന്റെ അസിസ്റ്റില്‍ വീണ്ടും ഛേത്രിയുടെ ഗോൾ. 63–ാം മിനിറ്റിൽ മികുവും ഗോള്‍ നേടിയതോടെ ബെംഗളുരുവിന്റെ ഗോൾ പട്ടിക പൂർത്തിയായി.
ജയത്തോടെ 21 പോയിന്റുമായി ബെംഗളുരു പോയിന്റു പട്ടികയില്‍ ഒന്നാമതെത്തി. പട്ടികയിൽ അഞ്ചാമതാണു മുംബൈ സിറ്റി എഫ്സി. സീസണിലെ മുംബൈയുടെ അഞ്ചാം തോൽവിയാണ് ഇന്നത്തേത്.