Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകമഞ്ഞിൽ മൂടി ഡൽഹി; ദൂരക്കാഴ്ച കുറഞ്ഞു, ഗതാഗതം താറുമാറായി

Fog ഡൽഹി ആർകെ പുരത്തെ പുകമഞ്ഞ് മൂടിയ റോഡിന്റെ ആകാശക്കാഴ്ച. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തു കനത്ത പുകമഞ്ഞിനെത്തുടർന്ന് അന്തരീക്ഷ മലിനീകരണം രൂക്ഷം. 7.4 ഡിഗ്രി സെൽഷ്യസാണു ഡൽഹിയിലെ ശരാശരി കുറഞ്ഞ താപനില. വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഈർപ്പമാണു രേഖപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുത്തനെ കൂടാനിടയാക്കിയത് ഇതാണ്.

നഗരമാകെ ഇരുൾ മൂടിയ നിലയിലാണ്. രാജ്യാന്തര നിലവാരത്തിനു പത്തിരട്ടി അധികമാണു മലിനീകരണമെന്നാണു റിപ്പോർട്ട്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം രാവിലെ ഒൻപതിന് 379 ആണു രേഖപ്പെടുത്തിയത്. പൂജ്യത്തിനും 500നും ഇടയിലാണ് എക്യുഐ കണക്കാക്കുന്നത്. ഈമാസം 23 മുതൽ മഴ പെയ്യുന്നതോടെ അന്തരീക്ഷത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുകമഞ്ഞിനെത്തുടർന്നു ഡൽഹിയിൽ ഗതാഗതവും താറുമാറായി. 38 ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. 15 ട്രെയിനുകൾ‌ റദ്ദാക്കിയപ്പോൾ ഏഴെണ്ണം പുനഃക്രമീകരിച്ചു. ഡൽഹിയുടെ സമീപനഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പുകമഞ്ഞിന്റെ പ്രശ്നങ്ങളുണ്ട്. റോഡുകളിലെ ദൂരക്കാഴ്ച 200 മീറ്ററിലേക്കു ചുരുങ്ങിയതിനാൽ അപകട സാധ്യതയേറി.