തിരുവനന്തപുരം∙ കന്നുകാലികൾക്കും അവയുടെ ഉടമസ്ഥർക്കും വേണ്ടി കേരളം ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം. വ്യവസായങ്ങൾ നടത്തുന്നതിൽ ചൈനയുടെ മാതൃകയാണു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു സർക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ കേരളത്തിനെതിരെ ചില സംഘടനകളുടെ നേതൃത്വത്തിൽ കുപ്രചാരണം നടന്നു. ഓഖി ദുരന്തത്തിൽ നിന്നു പാഠമുൾക്കൊണ്ട് ഭാവിയിൽ ആവശ്യം വേണ്ട നടപടികൾ സ്വീകരിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന സന്തുലിത വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സദാശിവം പറഞ്ഞു.
സംസ്ഥാനത്തു വൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും ക്രമസമാധാന നില തകരാറിലായെന്നും കാണിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എന്നാൽ പ്രസംഗം തടസ്സപ്പെടുത്തുന്ന നടപടികളിലേക്ക് അവർ കടന്നില്ല. പ്രസംഗത്തിനു മുന്നോടിയായി ഗവർണറോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം അറിയിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.
നയപ്രഖ്യാപനത്തിൽ ഒരു നയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ശുഷ്കമായ ഈ പ്രസംഗം യാഥാർഥ്യ ബോധമില്ലാത്തതാണ്. ഗവർണറെക്കൊണ്ട് ഓഖി ദുരന്ത വിഷയത്തിൽ നുണ പറയിപ്പിച്ചു. സാധാരണക്കാർ കേരളത്തിൽ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ വിവരിക്കാനോ കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളോ നയപ്രഖ്യാപനത്തിൽ വന്നിട്ടില്ല. ഇത്തരം ഒരു നയപ്രഖ്യാപനത്തിൽ പ്രതിപക്ഷം ശക്തമായ വിമർശനം രേഖപ്പെടുത്തുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
∙ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനും കഴിവുള്ള നിക്ഷേപകർക്ക് ബിസിനസ് സൗഹൃദ സാഹചര്യം വാഗ്ദാനം ചെയ്ത് അവരെ ആകർഷിക്കുന്നതിൽ ചൈനയിലെ പ്രാദേശിക ഭരണതലത്തിിലെന്ന പോലെ ആത്യന്തികമായി തദ്ദേശ ഭരണസ്ഥാപനങ്ങൾ തമ്മിൽ മത്സരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെ സർക്കാര്‍ പ്രോത്സാഹിപ്പിച്ചു വരികയാണെന്നും സർക്കാർ.
∙ കഴിഞ്ഞ 20 മാസത്തിനിടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി
∙ സമൂഹമാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും കേരളത്തിനെതിരെ 2017ൽ ഒട്ടേറെ പ്രചരണങ്ങൾ നടന്നു. രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടു കൂടി ചില വർഗീയ സംഘടനകൾ ചില നിസ്സാര കാരണങ്ങളാൽ ദേശീയതലത്തിൽ ഒരു മാസക്കാലം പ്രചാരണം നടത്തി. ഇതിനെതിരെ കേരളം ഒന്നടങ്കം ഹാഷ്ടാഗോടെയാണു പ്രതികരിച്ചത്.
∙ സാക്ഷരതയിൽ രാജ്യത്ത് മുൻപന്തിയിൽ നിലകൊള്ളുന്നത് തുടരുകയാണു കേരളം.
∙ പൊലീസ് സേനയിലെ വനിതാ അംഗങ്ങളുടെ പ്രാതിനിധ്യം 25 ശതമാനമായി വര്‍ധിപ്പിക്കും.
∙ വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാജദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭീതിപരത്താനുള്ള ഹീനശ്രമമുണ്ടായിരുന്നു. എന്നാൽ കേരളത്തിലെവിടെയും നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാതൊരു വിധ ഭീഷണിയുമില്ല.
∙ ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിട്ടു പോലും സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ല.
∙ ക്രമസമാധാനത്തിൽ കേരളം മാതൃക. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി.
നയപ്രഖ്യാപന പ്രസംഗം പൂർണരൂപത്തിൽ വായിക്കാം
∙ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേരളം മാതൃകയാണ്. പ്രഖ്യാപിച്ച പദ്ധതികൾ ഒന്നൊന്നായി സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നു.
∙ സ്ത്രീകളുടേയും ദുർബല ജനവിഭാഗങ്ങളുടേയും ക്ഷേമത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരം. സാമൂഹ്യനീതിയിൽ ഊന്നിയുള്ള നിരവധി പദ്ധതികൾ നടപ്പാക്കി. ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ചു. ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വലിയ വിജയമായിരുന്നു.
∙ മാലിന്യം വലിച്ചെറിയുന്നതും ജലസ്രോതസ്സുകൾ മലിനമാക്കുന്നതും മലയാളികൾക്കു ചേർന്ന രീതിയല്ല.
∙ സന്തുലിത വികസനത്തിന് ഊന്നൽ; വികസന നേട്ടങ്ങൾ ഓരോ പൗരനും ലഭിക്കണം.
∙ മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ കാർഡിയാക് കേന്ദ്രങ്ങള്‍.
∙ കണ്ണൂരിൽ ഒഫ്താൽമിക് ഇഎൻടി സൂപ്പർ സ്പെഷൽറ്റി ആശുപത്രി.
∙ ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും.
∙ പൊതുവിദ്യാഭ്യാസം, പിഡിഎസ്, ആരോഗ്യമേഖലകളിൽ നിക്ഷേപം വർധിപ്പിക്കും.
∙ കൃഷി, ടൂറിസം, പ്രവാസികളുടെ നിക്ഷേപം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ; നെല്ല്, റബർ, തെങ്ങ് തുടങ്ങിയവയോട് മികച്ച പരിഗണനയാണു സർക്കാരിനുള്ളത്. എല്ലാ മേഖലയിലും ഉൽപാദനം വർധിപ്പിക്കാനാണു സർക്കാർ തീരുമാനം.
∙ പച്ചക്കറി ഉൽപാദനത്തിൽ സംഭരണത്തിലും വിപണിയിലെത്തിക്കുന്നതിലും വിതരണത്തിലുമുൾപ്പെടെ സഹായിക്കും.
∙ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഹരിതകര്‍മ യൂണിറ്റുകൾ രൂപീകരിക്കും.
∙ കേന്ദ്രസഹായം അർഹരായവർക്ക് കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.
∙ ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത സ്വന്തമാക്കി മുന്നേറേണ്ടതുണ്ട്.
∙ പ്രമേഹ ചികിത്സയ്ക്കുൾപ്പെടെ പ്രത്യേക പരിഗണന; കാൻസർ ചികിത്സയ്ക്കും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും
∙ ആയുർവേദ മേഖലയിൽ കോഴിക്കോട് കുട്ടികൾക്കായി പ്രത്യേക പരിഗണന കേന്ദ്രം
∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും.
∙ ഫൊറൻസിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും.
∙ അൺ എയിഡഡ് സ്കൂള്‍ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കും.
∙ ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നല്‍കും.
∙ ഓഖി: മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാൽ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചു. ഓഖി ദുരന്തത്തിൽ നിന്നു പാഠമുൾക്കൊള്ളും; ദുരന്തനിവാരണ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും.
∙ സാങ്കേതികതസഹായം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ചേർന്നു നിന്നു പ്രവർത്തിക്കും.
∙ കേരള മോഡൽ വികസനത്തിൽ മാറ്റം വരും; ആഗോളതാപനവും മലിനീകരണ പ്രശ്നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങൾ.
∙ തൊഴിലുകൾ പലതും പരമ്പരാഗത രീതികളിൽ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകൾ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങൾ തുറക്കും. ഈ സാഹചര്യത്തിൽ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം.
∙ ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബട്ടിക്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന.
മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കാനായി സഭ ചൊവ്വാഴ്ച ചേരും. 25 ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരില്ല. 30 മുതൽ വീണ്ടും ചർച്ച. ഫെബ്രുവരി രണ്ടിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.