Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുവർണക്ഷേത്രം ആക്രമണം: ഇന്ത്യയുമായുള്ള രഹസ്യ ആയുധ ഇടപാട് മറയ്ക്കാൻ ബ്രിട്ടന്റെ ശ്രമം?

Operation-Blue-Star-Golden-Temple സുവർണ ക്ഷേത്രം (ഇൻസെറ്റിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെത്തുടർന്ന് ക്ഷേത്രത്തിൽ വെടിയുണ്ടയേറ്റ പാടുകൾ)

പാരിസ്∙ പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കത്തിൽ ബ്രിട്ടന്റെ ഇടപെടലുണ്ടായിരുന്നെന്ന സംശയം ശക്തമാകുന്നു. സ്വാതന്ത്യ്രാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂ സ്‌റ്റാറിൽ ബ്രിട്ടൻ സഹായിച്ചത് കോടിക്കണക്കിനു രൂപയുടെ ആയുധ കരാർ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നാണു സൂചന.

ഇതു സംബന്ധിച്ച രേഖകള്‍ക്കായി പത്രപ്രവർത്തകൻ ഫിൽ മില്ലർ നടത്തുന്ന വിവരാവകാശപ്പോരാട്ടം കോടതിയുടെ പരിഗണനയിലാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ബ്രിട്ടനും പങ്കുണ്ടെന്നു വ്യക്തമാക്കുന്ന മന്ത്രിസഭാ രേഖകൾ വിട്ടുകിട്ടാനായി മില്ലർ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച വാദം ആരംഭിക്കും.

കാബിനറ്റ് ഓഫിസിന്റെ കൈവശമുള്ള രേഖകള്‍ക്കായി മില്ലര്‍ നേരത്തേ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ രാജ്യസുരക്ഷയെയും ഇന്ത്യയുമായുള്ള ബന്ധത്തെയും ബാധിക്കുന്നതിനാൽ രേഖകൾ നൽകാനാകില്ലെന്നായിരുന്നു മറുപടി. ഇതിനെതിരെയാണു മില്ലർ അപ്പീൽ നൽകിയത്. മാർച്ച് ആറു മുതൽ മൂന്നു ദിവസത്തേക്കാണ് ഇതിന്മേൽ വാദം നടക്കുക.

1984 ജൂൺ ഒന്നിനു തുടങ്ങി ആറിനാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ അവസാനിച്ചത്. ഖലിസ്‌ഥാൻ എന്ന സ്വതന്ത്ര രാഷ്‌ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് സൈനിക നടപടിയിൽ കലാശിച്ചത്. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി. സൈനികരടക്കം അറുന്നൂറോളം പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം നൽകിയ ഔദ്യോഗിക കണക്ക്.

ഇന്ത്യൻ സൈന്യത്തിന്റെ സുവർണക്ഷേത്രത്തിലെ നീക്കത്തിനു മുന്നോടിയായി ബ്രിട്ടന്റെ പ്രതിനിധിയെത്തി വേണ്ട നിർദേശങ്ങൾ നൽകിയെന്നു വാർത്തയുണ്ടായിരുന്നു. അന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന മാർഗരറ്റ് താച്ചർ മന്ത്രിസഭയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില സൂചനകൾ 2014ൽ ചില രേഖകളിലൂടെയാണു പുറത്തുവന്നത്. 30 വർഷം പഴക്കമുള്ള രേഖകൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്നാണ് ചട്ടം. അങ്ങനെയാണ് 2014ൽ 1984ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വിവരങ്ങൾ പുറത്തെത്തുന്നത്. എന്നാൽ മന്ത്രിസഭാ തീരുമാനത്തിന്റെ രേഖകൾ പുറത്തുവന്നതുമില്ല.

പ്രതിഷേധത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രേഖകളുടെ പരിശോധനയ്ക്ക് ഉത്തരവിട്ടു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ ‘ഉപദേശം’ നൽകുക മാത്രമാണ് ബ്രിട്ടൻ ചെയ്തതെന്നും സ്പെഷൽ എയർ സര്‍വീസസിന്റെ ആ ഉപദേശത്തിന് സൈനിക നടപടിയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നും പാർലമെന്റിൽ പ്രസ്താവന വന്നു. എന്നാൽ എന്തിനു വേണ്ടിയാണ് ബ്രിട്ടൻ ഇന്ത്യയ്ക്ക് ഉപദേശം നൽകിയതെന്നാണു മില്ലറുടെ ചോദ്യം. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കോടിക്കണക്കിനു രൂപയുടെ വ്യാപാര–ആയുധ ഇടപാടിന് ഇതിൽ എത്രത്തോളം സ്വാധീനം ചെലുത്താനായി എന്നും അറിയേണ്ടതുണ്ട്.

ഇത്തരത്തിലുള്ള ഉപദേശങ്ങൾ 1984നു ശേഷവും ബ്രിട്ടൻ ഇന്ത്യയ്ക്കായി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ‘സാക്രിഫൈസിങ് സിഖ്സ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മില്ലർ പറയുന്നു. ബ്രിട്ടനിലെ വിവിധ സിഖ് സംഘടനകളും ഇക്കാര്യത്തിൽ സത്യാവസ്ഥ അറിയണമെന്നാവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചിരുന്നു. സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നാണു പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ ആവശ്യം.

related stories