എസ്എഫ്ഐക്കാർ എബിവിപി പ്രവർത്തകന്റെ തലയിൽ കല്ലിനിടിച്ചു; പൊലീസ് നോക്കിനിന്നു

പരുക്കേറ്റ എബിവിപി പ്രവർത്തകനും കൊല്ലം എസ്എൻ ലോ കോളജ് വിദ്യാർഥിയുമായ അജിത്.

കൊല്ലം∙ പൊലീസ് നോക്കി നിൽക്കെ പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ അതിക്രമം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണു സിഐ അടക്കം അമ്പതോളം പൊലീസുകാർ നോക്കി നിൽക്കെ എസ്എഫ്ഐ പ്രവർത്തകർ എബിവിപി പ്രവർത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചത്.

എബിവിപി പ്രവർത്തകന്‍, കൊല്ലം എസ്എൻ ലോ കോളജ് വിദ്യാർഥി അജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ പൊലീസ് ഇടപെട്ടില്ല. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനവും വിട്ടു നൽകിയില്ല. എബിവിപി പ്രവർത്തകർ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

രാവിലെ മുതൽ എസ്എൻ ലോ കോളജിൽ സംഘർഷം നിലനിന്നിരുന്നു. എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്ഐ പ്രവർത്തകർ തട‍‍ഞ്ഞതോടെയാണു സംഘർഷങ്ങളുടെ തുടക്കം. ഇതു തടയാനെത്തിയ പൊലീസിനു നേരെയും എസ്എഫ്ഐ അക്രമം നടത്തി. ഈസ്റ്റ് എസ്ഐയുടെ കൈക്കു പരുക്കേറ്റു. തുടർന്ന് നാലു എസ്എഫ്ഐ പ്രവർത്തകരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എസ്എഫ്ഐക്കാർ സ്റ്റേഷനു മുന്നിൽ തടച്ചു കൂടി.

ഈ സമയത്താണു കോളജിലെ അക്രമത്തെക്കുറിച്ചു പരാതി നൽകാൻ അജിത്തും മറ്റൊരു എബിവിപി പ്രവർത്തകനും കൂടി ഇൗസ്റ്റ് സ്റ്റേഷനിലെത്തിയത്. ഇവരെത്തിയ ഉടന്‍ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇതു കണ്ടില്ലെന്നു നടിച്ചു. പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന ആക്രമണത്തിൽ ഇതുവരെ ആർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.