തിരുവനന്തപുരം∙ ഉള്ളൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യപുരസ്കാരം പ്രശസ്ത നോവലിസ്റ്റും മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്ററുമായ രവിവർമ്മ തമ്പുരാന്റെ ‘പൂജ്യം’ എന്ന നോവലിന്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് മേയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പ്രഫ. വി.എൻ. മുരളി അറിയിച്ചു.
ഡോ. കെ.എസ്. രവികുമാർ, ഡോ. സി.ആർ. പ്രസാദ്, പ്രഫ. സുജ സൂസൻ ജോർജ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിച്ചത്. പ്രഥമ ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ കവി പ്രഭാ വർമ്മയ്ക്കു സമ്മാനിച്ചശേഷം രണ്ടാമത് പുരസ്കാരമാണ് രവിവർമ്മ തമ്പുരാന് നൽകുന്നത്.
ആലപ്പുഴ ജില്ലയിലെ വെൺമണി വടക്കേമഠത്തിൽ വി.എസ്. കേരളവർമയുടെയും ടി.കെ. ചന്ദ്രികയുടെയും മകനാണ് രവിവർമ്മ തമ്പുരാൻ. ഭാര്യ വി.മിനി (എസ്ബിഐ മാന്നാർ ശാഖ അസിസ്റ്റന്റ് മാനേജർ). മക്കൾ: നിരഞ്ജൻ ആർ. വർമ, നീരജ് ആർ. വർമ (ഇരുവരും വിദ്യാർഥികൾ)