Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഗ്നേഷ് മേവാനിയെ വിമാനത്താവളത്തിൽ തടഞ്ഞ് രാജസ്ഥാൻ

Jignesh Mevani

 ജയ്പൂർ∙ ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ജയ്പൂർ വിമാനത്താവളത്തിൽ തടഞ്ഞു. രാജസ്ഥാനിൽ റാലി സംഘടിപ്പിക്കാൻ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടർന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു.

ഇന്ത്യൻ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു സംസാരിക്കാൻ പോയ തന്നെ വിമാനത്താവളത്തിൽ വച്ചു തടഞ്ഞുവെന്ന് ട്വിറ്ററിലൂടെ ജിഗ്നേഷ് മേവാനിയാണ് അറിയിച്ചത്. നാഗോർ ജില്ലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന ഉത്തരവിൽ പൊലീസ് ഒപ്പുവയ്പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ എത്തിയ ട്വീറ്റിൽ, ഇപ്പോൾ പൊലീസ് തന്നെ ജയ്പൂരിൽ യാത്രചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും അഹമ്മദാബാദിലേക്ക് തിരികെ പോകാൻ നിർബന്ധിക്കുകയാണെന്നും പറയുന്നു. പത്രസമ്മേളനം വിളിക്കാൻ അവർ സമ്മതിക്കുന്നില്ലെന്നും മേവാനി ചൂണ്ടിക്കാട്ടി.

അതേസമയം, ഈമാസം രണ്ടിനു നടന്ന ഭാരത് ബന്ദിനു പിന്നാലെ കൊണ്ടുവന്ന നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ലയിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെക്‌ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നതു പറഞ്ഞുകൊണ്ടുള്ള നാഗോർ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. നിരോധനാജ്ഞയ്ക്കു ശേഷം അവിടെ എവിടെയും അദ്ദേഹത്തിനു സ്വതന്ത്രമായി സഞ്ചരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.