Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മുകൾ കാലി: സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം; പ്രതിസന്ധി രൂക്ഷം

ATM-without-Money ബിഹാറിൽ പണമില്ലെന്നു കാട്ടി എടിഎമ്മിൽ സ്ഥാപിച്ചിരിക്കുന്ന സന്ദേശം. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂ‍ഡൽഹി∙ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കറൻസിക്കു രൂക്ഷക്ഷാമം. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണു ക്ഷാമം രൂക്ഷം. ഡൽഹിയിലും എടിഎമ്മുകളിൽനിന്നു പണം ലഭിക്കുന്നില്ലെന്നു ജനങ്ങൾ ട്വിറ്ററിലൂടെയും മറ്റും അറിയിക്കുന്നുണ്ട്. ദക്ഷിണ ഡൽഹിയിലെ ആർകെ പുരം, ഖാൻപുർ തുടങ്ങിയ സ്ഥലങ്ങളിലെ എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കുന്നില്ലായിരുന്നുവെന്നു ഹൈദരാബാദ് നിവാസികൾ പറഞ്ഞു. വാരാണസിയിലെ എടിഎമ്മുകളും ഇന്നലെ കാലിയായിരുന്നുവെന്നും വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, കേരളത്തിൽ ഇതുവരെയും ഇത്തരം പരാതികൾ ലഭിച്ചിട്ടില്ല.

പെട്ടെന്ന് പണമില്ലാതായ സാഹചര്യം വിലയിരുത്താൻ ധനകാര്യമന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. രാജ്യത്തു നോട്ടുക്ഷാമമില്ലെന്നും  എടിഎമ്മുകളിൽ പണമെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് സഹമന്ത്രി എസ്.പി. ശുക്ല വ്യക്തമാക്കി. 1,25,000 കോടി രൂപയുടെ നോട്ടുകൾ നമ്മുടെ കൈവശമുണ്ട്. ചില സംസ്ഥാനങ്ങളുടെ കൈവശം നോട്ടുകൾ കുറവും ചിലരുടെ കൈവശം കൂടുതലുമുണ്ട്. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്തിടത്തേക്ക് എത്തിക്കാൻ ആർബിഐയുടെ ചുമതലയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും ശുക്ല പറഞ്ഞു.

അതിനിടെ, രണ്ടായിരം രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനു മുൻപ് 15,00,000 കോടി രൂപയുടെ നോട്ടുകളാണു വിപണിയിലുണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം ഇതു 16,50,000 കോടിയായി ഉയർന്നു. എന്നാലിപ്പോൾ രണ്ടായിരത്തിന്റെ നോട്ടുകൾ വിപണിയിൽനിന്നുതന്നെ ഇല്ലാതാകുന്ന സാഹചര്യമാണുള്ളതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

related stories