പെരിസ്ട്രോയ്കയിൽ തകർന്നില്ല, യുഎസിനു മുന്നിൽ നെഞ്ചുവിരിച്ച് ക്യൂബ

ബാറ്റിസ്റ്റയെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവമുന്നേറ്റകാലത്ത് ക്യൂബയുടെ തെക്കുകിഴക്ക് അതിർത്തിപ്രദേശത്തുള്ള സിയറ മിസ്ത്ര മലനിരയിൽ റെനെ റാമോസ് ലാതോറും ഫിദൽ കാസ്ട്രോയും റൗൾ കാസ്ട്രോയും – ഫയൽ ചിത്രം.

തൊണ്ണൂറ്റി എട്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 18.57 ലക്ഷം കോടി ഡോളർ മൂല്യം വരുന്ന ആഭ്യന്തര ഉൽപാദനവും(ജിഡിപി) 32.5 കോടി ജനങ്ങളുമുള്ള അമേരിക്കൻ ഐക്യനാടുകൾ എന്ന മഹാസാമ്രാജ്യം ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ മാത്രം വലുപ്പവും 8713 കോടി ഡോളർ മാത്രം ജിഡിപിയുള്ള 1.15 കോടി ജനങ്ങളുടെ ശത്രുവായതെങ്ങനെ ? 1959 ൽ തുടങ്ങി അരനൂറ്റാണ്ടിലേറെ നീണ്ട  ഭീഷണിക്കും കണ്ണുരുട്ടലിനും ശേഷം തെക്കുഭാഗത്തെ അയൽക്കാരനും കഴിഞ്ഞുപോകട്ടെയെന്ന മാനസികാവസ്ഥയിലേക്ക് അമേരിക്കയിലെ ഭരണാധികാരികളും ജനങ്ങളും മാറിയെന്നാണു ലോകം കരുതിയത്. പക്ഷേ, വിടുന്ന മട്ടില്ല. സമ്പൂർണ കീഴടങ്ങലും വിധേയത്വവുമല്ലാതെ ഒന്നും അമേരിക്കയ്ക്കു വേണ്ട. അഭിമാനികളായ ക്യൂബക്കാർ അതിനു തയ്യാറുമല്ല. അതുകൊണ്ടുതന്നെ റൗൾ കാസ്ട്രോയ്ക്കു പകരം മിഗേൽ ഡിയാസ് കാനൽ അധികാരത്തിലെത്തിയാലും ക്യൂബ—യുഎസ് ബന്ധത്തിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല.

ക്യൂബയോടുള്ള ശത്രുത അമേരിക്കയുടെ മൂലധനതാൽപര്യങ്ങളുടെ ഉപോൽപന്നമാണെന്നതാണ് അതിനു കാരണം. അവരുടെ ആശ്രിതനായി ക്യൂബ ഭരിച്ചിരുന്ന ബാറ്റിസ്റ്റയെ 1959 ജൂലൈ 26 നു ജനകീയ വിപ്ലവത്തിലൂടെ സ്ഥാനഭൃഷ്ടനാക്കിയാണു ഫിദൽ കാസ്ട്രോ അധികാരം പിടിച്ചെടുത്തത്്. താമസിയാതെ യുഎസ് കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ അദ്ദേഹം ദേശസാൽക്കരിച്ചു. വിപ്ലവത്തിനു നേതൃത്വം നൽകിയ ജനകീയ പ്രസ്ഥാനത്തെ 1965 ൽ കമ്യൂണിസ്റ്റ് പാർട്ടിയാക്കുകയും അമേരിക്കൻ ചേരിക്കെതിരെ നിലയുറപ്പിച്ചിരുന്ന സോവിയറ്റ് യൂണിയനുമായി ഐക്യപ്പെടുകയും ചെയ്തതോടെ ക്യൂബ അമേരിക്കയുടെ കണ്ണിലെ കരടായി.

മിഗ്വേൽ ഡയസ് കാനലും റൗൾ കാസ്ട്രോയും

ക്യൂബയുടെ പിന്നിൽ നിന്ന് യുഎസിനെ ആവുംവിധം ദ്രോഹിക്കാൻ ശ്രമിച്ച സോവിയറ്റ് യൂണിയനാണ് ഈ കഥയിലെ വില്ലൻ. നിലനിൽപ്പിനു മറ്റുമാർഗങ്ങൾ ഇല്ലാതിരുന്ന ക്യൂബയ്ക്ക് സോവിയറ്റ് ഭരണാധികാരികളുടെ ആജ്ഞ അനുസരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഡസൻകണക്കിന് അട്ടിമറി ശ്രമങ്ങളെ അതിജീവിക്കാൻ ക്യൂബയ്ക്കു കഴിഞ്ഞത് സോവിയറ്റ് സൈന്യത്തിന്റെയും അവരുടെ ചാരസംഘടനയായ കെജിബിയുടെയും പിന്തുണകൊണ്ടാണെന്നതും വിസ്മരിക്കാനാവില്ല. 

 1991 വരെ  നീണ്ട ആ ശത്രുതയ്ക്ക് അറുതി വന്നത് സോവിയറ്റ് യൂണിയന്റെ പതനത്തോടെയാണ്. ലോകവ്യാപകമായി വിപ്ലവപ്രവർത്തനങ്ങളെ സഹായിക്കാൻ ആളും അർഥവും നൽകിയ സോവിയറ്റ് സാമ്രാജ്യം ഉൽപാദന മുരടിപ്പും മറ്റ് ആഭ്യന്തര വൈരുദ്ധങ്ങളും മൂലം പ്രതിസന്ധിയിലായി. അർമേനിയയും അസർബൈജാനുംബാൾട്ടിക് പ്രവിശ്യകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഉയർന്നുവന്ന പ്രത്യേക രാജ്യത്തിനായുള്ള പ്രക്ഷോഭങ്ങൾ പാർട്ടിയെയും ഭരണകൂടത്തെയും പിടിച്ചുലച്ചു. എല്ലാത്തിനും പരിഹാരമായി പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് നടപ്പാക്കിയ പെരിസ്ട്രോയ്ക എന്ന പേരിൽ അറിയപ്പെട്ട സാമ്പത്തിക പരിഷ്ക്കാരം രാജ്യത്തെ കണ്ടംതുണ്ടമാക്കി. ഇതോടെ സോവിയറ്റ് സഹായം ലഭിക്കാതെ ലോകമെങ്ങും അവരുടെ ആശ്രിതരാജ്യങ്ങളും പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലും കലാപത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങാതെ ക്യൂബയെ പിടിച്ചുനിർത്താൻ കഴിഞ്ഞതിലാണു ഫിദലിന്റെയും റൗളിന്റെയും വൈഭവം പ്രകടമായത്. 

ഈ ഘട്ടത്തിൽ യുഎസ് ചേരിയുമായി കൂടുതൽ ഏറ്റുമുട്ടലിനു പോകാതെ പമ്മിനിന്ന കാസ്ട്രോ, പരിമിതമായ വിഭവങ്ങൾ കൊണ്ട് പിടിച്ചുനിന്നു. ഏതാണ്ട് 10 വർഷത്തിനകം റഷ്യയിൽ വ്ളാഡിമിർ പുടിൻ എന്ന ശക്തനായ ഭരണാധികാരി അധികാരത്തിൽ എത്തുംവരെ. ഇതിനിടെ ലാറ്റിനമേരിക്കയിൽ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തെ അദ്ദേഹം അനുകൂലമാക്കി. 1999 ൽ വെനസ്വേലയിൽ കമ്യൂണിസ്റ്റ് നേതാവായ ഹ്യൂഗോ ഷാവോസ് അധികാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയായി എണ്ണയുടെ ലഭ്യത ഉറപ്പാക്കി. 

ക്യൂബയിലെ ഹവാന നഗരം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറിയ ലോകസാഹചര്യത്തിൽ കമ്യൂണിസ്റ്റ് ഭീഷണി കാര്യമാക്കാനില്ലെന്ന തിരിച്ചറിവാകണം ക്യൂബയുമായി ഒത്തുപോകാമെന്ന തീരുമാനത്തിൽ 2015 ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കൊണ്ടെത്തിച്ചത്. ക്യൂബയിലെ വിനോദസഞ്ചാര സാധ്യതകളിലും യുഎസിലെ വാണിജ്യ ലോബികൾ കണ്ണുവച്ചിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യം വിട്ടു യുഎസിൽ അഭയം തേടിയവരും വിപ്ലവാനന്തരം സമ്പത്തും വസ്തുവകകളും നഷ്ടമായവരും റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും സമ്മർദത്തിലാക്കി. ഒബാമ സർക്കാരിന്റെ നയതന്ത്രനീക്കങ്ങൾ അട്ടിമറിക്കപ്പെട്ടു. ഇതിനിടെ ക്യൂബയിലെ യുഎസ് നയതന്ത്രകാര്യാലയത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കു പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായതു പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ക്യൂബയുടെ ചാരന്മാർ ഏതോ ഇലക്ട്രോണിക് ഉപകരണം എംബസി കെട്ടിടത്തിനു സമീപം സ്ഥാപിച്ചതാണു നയതന്ത്രജ്ഞർക്കു കേൾവിക്കുറവിനും മറ്റ് അസ്വസ്ഥതകൾക്കും കാരണമായതെന്നു യുഎസ് ചാരസംഘടന അനുമാനിച്ചു.

റൗൾ കാസ്ട്രോയും ബറാക് ഒബാമയും – ഫയൽ ചിത്രം.

കാര്യങ്ങൾ ഏതാണ്ട് പഴയ മട്ടിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ. റൗൾകാസ്ട്രോയും വിപ്ലവകാലത്തു കാസ്ട്രോ സഹോദരന്മാരുടെ അനുയായിയാരുന്ന ഹോസെ റമോൺ വെഞ്ചുറയും പാർട്ടിയിൽ ഒന്നുംരണ്ടും സ്ഥാനങ്ങളിൽ തുടരുമ്പോൾ, മൂന്നാമനായ കാനലിന് ഏറെയൊന്നും ചെയ്യാനില്ല. ഈ സംഘം ക്യൂബയിലും ഡോണൾഡ് ട്രംപ് യുഎസിലും ഭരണാധികാരികളായി തുടരുന്നിടത്തോളം ഈമട്ടിൽത്തന്നെ ബന്ധം മുന്നോട്ടുപോകാനാണു സാധ്യത.

മിഗ്വേല്‍ ഡയസ് കാനൽ