തിരുവനന്തപുരം∙ കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാന വ്യാപകമായി മഴയുണ്ടാകുമെങ്കിലും ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമേ ശക്തമാകുകയുള്ളൂ. ഏഴു മുതൽ 11 സെ.മീ വരെ മഴയായിരിക്കും ലഭിക്കുക.
കേരളത്തിൽ പലയിടത്തും ഇടിമിന്നലും കാറ്റുമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വൈകിട്ടു മൂന്നിനു ശേഷമായിരിക്കും ഇടിയും കാറ്റോടും കൂടിയ മഴ. ഇതു മേയ് 10 വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേയ് ആറിനും എട്ടിനും കനത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ആലപ്പുഴയിലെ മാങ്കൊമ്പിലുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. പാലക്കാട് 36 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂടും രേഖപ്പെടുത്തി.