ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി; സ്വാശ്രയ എൻജിനീയറിങ് കോളജുകളുമായി കരാർ

കേരള സെൽഫ് ഫിനാൻസിങ് എൻജീനിയറിങ് കോളജ് മാനേജ്മെന്റ് പ്രസിഡന്റ് ബിജു രമേശ്, സെക്രട്ടറി മധു എന്നിവരും ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെയിംസ് രാജും കരാറിൽ ഒപ്പുവച്ചപ്പോൾ.

തിരുവനന്തപുരം∙ പ്ലസ് ടു ഫലത്തിനുമുമ്പ് ആദ്യമായി സ്വാശ്രയ എൻജിനീയറിങ് കോളജുകളുമായി വിദ്യാർഥി– രക്ഷാകർതൃ സൗഹൃദ കരാർ. 50 ശതമാനം സീറ്റുകൾ സർക്കാരിനു വിട്ടുനൽകും. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ മാറ്റമില്ല. പഠനം ഇടയ്ക്ക് ഉപേക്ഷിച്ചു പോകേണ്ടി വരുന്ന വിദ്യാർഥികൾ നൽകേണ്ടിയിരുന്ന ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി. ഒറിജിനൽ മാർക്ക് ലിസ്റ്റും അനുബന്ധ രേഖകളും പരിശോധനയ്ക്കു ശേഷം വിദ്യാർഥികൾക്കു മടക്കി നൽകുമെന്നും കരാറിൽ പറയുന്നു.

97 കോളേജുകൾക്കു വേണ്ടി കേരള സെൽഫ് ഫിനാൻസിങ് എൻജീനിയറിങ് കോളജ് മാനേജ്മെന്റ് പ്രസിഡന്റ് ബിജു രമേശ്, സെക്രട്ടറി മധു എന്നിവരും സർക്കാരിനു വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെയിംസ് രാജുമാണു കരാറിൽ ഒപ്പുവച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥിന്റെയും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന്റെയും സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്.