ചൊറിച്ചിൽ ചെറിയ രോഗമല്ല: കെ. മുരളീധരനെ കൊട്ടി വാഴയ്ക്കൻ

ജോസഫ് വാഴയ്ക്കൻ തന്റെ ഫെയ്സ്ബുക് കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം.

കോട്ടയം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു തോൽവിയുടെ വിഴുപ്പലക്കൽ കോൺഗ്രസിൽ തുടരുന്നു. പ്രവർത്തന രീതിയിൽ കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിൽ ചെങ്ങന്നൂർ ആവർത്തിക്കുമെന്ന് അഭിപ്രായപ്പെട്ട കെ. മുരളീധരൻ എംഎൽഎയെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി. ‘ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്നു വിചാരിച്ചാൽ നടക്കുമോ?’– മുരളിയെ പേരെടുത്തു പറയാതെ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വാഴയ്ക്കൻ ചോദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്നിലായതിനെ പരിഹസിച്ച്, തന്റെ ബൂത്തിൽ കോൺഗ്രസ് ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്നു കെ. മുരളീധരൻ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടുന്ന സ്ഥിതി ഗുണകരമല്ല. സമുദായം നോക്കി അധ്യക്ഷനെ നിയമിച്ചാൽ സമുദായത്തിന്റെ വോട്ടുപോലും കിട്ടില്ല. എന്നെപ്പോലുള്ളവരെ രണ്ടാംതരം പൗരൻമാരായാണു പാർട്ടി നേതൃത്വം കാണുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു.

ജോസഫ് വാഴയ്ക്കന്റെ കുറിപ്പിൽനിന്ന്:

നത്തോലി ഒരു ചെറിയ മീനല്ല. ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല. എന്തു ചെയ്യാം..? ചിലരുടെ ശീലങ്ങൾ നമുക്കു മാറ്റാനാവില്ല. രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്നു നിർബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശരിയല്ലെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല.

സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്നു വിചാരിച്ചാൽ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസൽട്ടായിരുന്നു വിഷയം. തന്റെ ബൂത്ത്‌ ഭദ്രമാണെന്നാണു ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തിൽ ഒരുപാടു സ്ഥലത്തു മത്സരിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ചു പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണം.