ബവ്റിജസ് കോര്‍പറേഷനെ പൂട്ടിക്കാന്‍ ബാറുടമകൾ? എംഡിയുടെ കത്ത് പുറത്ത്

ബെവ്കോ എംഡി എച്ച്.വെങ്കിടേശ് സര്‍ക്കാരിന് അയച്ച കത്ത്. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ബാറുടമകള്‍ പ്രദേശവാസികളെ ഇളക്കിവിട്ട് ബവ്റിജസ് കോര്‍പറേഷന്‍റെ മദ്യശാലകള്‍ പൂട്ടിക്കുന്നതായി ആരോപിച്ച് ബെവ്കോ എംഡി എച്ച്.വെങ്കിടേശ് സര്‍ക്കാരിനു കത്തയച്ചു. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴിയില്‍ ദിവസം 15 ലക്ഷം രൂപ വരുമാനമുള്ള ബെവ്കോയുടെ മദ്യശാല അടച്ചുപൂട്ടാനായി മദ്യവിരുദ്ധ ജനകീയ സമിതി സമരം നടത്തുന്നതും ഹര്‍ജി സമര്‍പ്പിച്ചതും ബാറുടമകളുടെ സഹായത്തോടെയാണെന്നും ഈ പ്രദേശത്തു ബാറുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. കത്തിന്റെ പകര്‍പ്പ് മനോരമ ഓണ്‍ലൈനിനു ലഭിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കോവളം ബൈപ്പാസില്‍ മുട്ടത്തറയില്‍ പരുത്തിക്കുഴിയിലാണു ബെവ്കോ മദ്യശാലയുണ്ടായിരുന്നത്. അടുത്ത് ആരാധനാലയങ്ങള്‍ ഉള്ളതിനാല്‍ ഇതു മാറ്റണമെന്നാണു മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം തെറ്റാണെന്നു ബെവ്കോ എംഡി കത്തില്‍ വ്യക്തമാക്കുന്നു. ബവ്റിജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാല ആരംഭിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്നും മദ്യവില്‍പനശാലയ്ക്ക് എക്സൈസിന്റെ അനുമതി ലഭിച്ചതാണെന്നും കത്തില്‍ പറയുന്നു. ദിവസം 15 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന വില്‍പനശാലയാണു പരുത്തിക്കുഴിയിലേത്. 12 ലക്ഷം രൂപ ഇതില്‍നിന്നു ഖജനാവിലേക്കു നല്‍കുന്നുണ്ട്. 2018 മാര്‍ച്ച് ഏഴിന് ആരംഭിച്ച മദ്യശാല എതിര്‍പ്പുകള്‍ ഇല്ലാതെ മേയ് അഞ്ചു വരെ പ്രവര്‍ത്തിച്ചു. ബെവ്കോ മദ്യശാലയുടെ പ്രവര്‍ത്തനം മൂലം സമീപത്തെ സ്വകാര്യ മദ്യശാലകളിലെ വില്‍പന കുറഞ്ഞതിനാലാണ് ഇത്തരം ആളുകളുടെ പ്രേരണയാല്‍ സമരം ആരംഭിച്ചിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ, സംസ്ഥാന പാതയോരത്ത് 500 മീറ്ററിനുള്ളില്‍ മദ്യവില്‍പനശാലകള്‍ നിരോധിച്ചുകൊണ്ട് 2016 ഡിസംബര്‍ പതിനഞ്ചിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കോവളത്തെ ബെവ്കോ മദ്യശാല അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് ദൂരപരിധി പാലിക്കുന്നതിനായി പരുത്തിക്കുഴിയില്‍ കെട്ടിടം വാടകയ്ക്കെടുത്തത്. പ്രതിഷേധത്തെത്തുടര്‍ന്നു മദ്യവില്‍പനശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ബെവ്കോ എംഡിയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സമരസമിതി പറയുന്നു.