Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് നടത്താൻ ഭിക്ഷാടനവുമായി വയൽക്കിളികൾ; കീഴാറ്റൂരിൽ ‘പ്രതിഷേധാഗ്നി’

Vayalkilikal കീഴാറ്റൂർ സമരം. (ഫയൽചിത്രം: മനോരമ)

തളിപ്പറമ്പ്∙ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ പങ്കെടുത്തവരുടെ പേരിൽ പിഴശിക്ഷ ഉൾപ്പെടെ ചുമത്തിയ പൊലീസ് നീക്കത്തിനെതിരെ ഭിക്ഷാടന സമരവുമായി വയൽക്കിളി പ്രവർത്തകർ. ദേശീയപാത ബൈപ്പാസിനു കീഴാറ്റൂരിലെ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തതിനാണ് 49 വയൽക്കിളി പ്രവർത്തകർക്കെതിരെയും ഏഴു സമര ഐക്യദാർഢ്യ സമിതി പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നത്.

റവന്യു ജീവനക്കാരെ തടയല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 143, 147, 186 , 149 വകുപ്പുകളനുസരിച്ചാണു കേസ്. മാര്‍ച്ച് 14നു നടന്ന സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകർ ഡീസൽ ദേഹത്ത് ഒഴിച്ച് ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജൂലായ് മൂന്നിനു ഹാജരാവാന്‍ സമരക്കാര്‍ക്കു നോട്ടിസ് ലഭിച്ചിട്ടുണ്ട്.

കേസ് നടത്തിപ്പിനുവേണ്ടി പണം സ്വരൂപിക്കാന്‍ തളിപ്പറമ്പ് ടൗണില്‍ പിച്ചതെണ്ടല്‍ സമരം നടത്തി ജനകീയ ശ്രദ്ധ ക്ഷണിക്കാനാണു വയൽക്കിളികളുടെയും ഐക്യദാർഢ്യ സമിതിയുടെയും തീരുമാനം. ജനകീയ സമരത്തെ ഇത്തരത്തില്‍ നേരിടുന്നതിനെതിരെയാണു പ്രതിഷേധിക്കുന്നതെന്നു വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. നെല്‍വയല്‍ തണ്ണീർ‌ത്തട നിയമഭേദഗതിക്കെതിരെ 25നു വൈകിട്ട് കീഴാറ്റൂര്‍ വയലില്‍ പ്രതിഷേധാഗ്നി ഒരുക്കുമെന്നും സമരക്കാർ അറിയിച്ചു.