മലേഷ്യൻ ഓപ്പണിൽ നിന്നു സൈന പുറത്ത്

ക്വാലലംപുർ ∙ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റനില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‍വാൾ പുറത്ത്. ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമഗുച്ചിയാണ് സൈനയെ കേവലം 36 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയത്. സ്കോർ 21–15, 21–13. നേരിട്ടുള്ള ഏഴു പോരാട്ടങ്ങളിൽ ഇത് ആറാം തവണയാണ് അകാനെയുടെ മുന്നിൽ സൈന മുട്ടുകുത്തുന്നത്. 2014 ചൈന ഓപ്പണിൽ മാത്രമാണ് സൈനയ്ക്കു മേൽക്കോയ്മ നേടാനായത്. 

ആദ്യ ഗെയിമിൽ തുടക്കത്തിൽ ജപ്പാൻ താരം 9–2 ന്‍റെ ലീഡ് നേടിയെങ്കിലും ഒപ്പം പൊരുതിയ സൈന ഇത് 10–11 ആക്കി കുറച്ചു. എന്നാൽ പിന്നീടങ്ങോട്ട് പിടിമുറിക്കിയ അകാനെ അനായാസം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഏറെ പൊരുതാതെ തന്നെ സൈന മത്സരം അടിയറവച്ചു.