ചണ്ഡിഗഡ്∙ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് കൗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ജോലിയിൽ പ്രവേശിച്ചതെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ പഞ്ചാബ് ആഭ്യന്തര വകുപ്പിനു സമർപ്പിച്ചു. താരത്തിന്റെ ജോലി നഷ്ടപ്പെടാൻ കാരണമായേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ നിന്നു ബിരുദ നേടിയെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് ഹർമൻപ്രീത് കൗർ സമർപ്പിച്ചിരുന്നത്. എന്നാൽ സർവകലാശാല ഇതു നിഷേധിച്ചു.
റയിൽവേ ഉദ്യോഗസ്ഥയായിരുന്ന ഹർമൻപ്രീത് കൗർ കഴിഞ്ഞ മാർച്ചിലാണു ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചത്. അതേ സമയം, വ്യാജ സർട്ടിഫിക്കറ്റ് ആരോപണം താരത്തിന്റെ മാതാപിതാക്കൾ നിഷേധിച്ചു. ഇതേ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണു റെയിൽവേയിലും ജോലി ചെയ്തതെന്ന് അവർ പറഞ്ഞു. സ്കൂളിൽ പഠനകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഹർമൻപ്രീത് ഡൽഹിയിലും മീററ്റിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു. വനിതാ ക്രിക്കറ്റ് ട്വന്റി20 ടീം ക്യാപ്റ്റൻ കൂടിയായ ഹർമൻ പ്രീത് കൗർ അർജുന പുരസ്കാര ജേതാവാണ്. വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കോമൺവെൽത്ത് സ്വർണ്ണ മെഡൽ ജേതാവ് മൻദീപ് കൗറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.