അഹമ്മദാബാദ്∙ നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയുമാണ് 125 കോടി ഇന്ത്യക്കാരുടെ മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശരിയായ സർജിക്കൽ സ്ട്രൈക്കെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. അതിർത്തി കടന്ന് 2016 ൽ ഇന്ത്യന്‍ സേന നടത്തിയ സർജിക്കൽ സ്ട്രൈക്കിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചില ടിവി ചാനലുകൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം.
നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കലുമായിരുന്നു ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെക്കാൾ വലുത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നൽകിയിരുന്ന വാഗ്ദാനം. ഇതു നടപ്പിലാക്കാത്തതു വഴി കർഷകരുടെ മേൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുകയാണെന്നും ദലിത് നേതാവും ഗുജറാത്തിൽനിന്നുള്ള എംഎൽഎയായ മേവാനി കുറ്റപ്പെടുത്തി.
"രണ്ടു കോടി പേർക്ക് ജോലി നൽകുമെന്നാണ് മോദിജി അവകാശപ്പെട്ടിരുന്നത്. ഇതു പാലിക്കാതെ അദ്ദേഹം രാജ്യത്തെ യുവാക്കൾക്കുമേൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുകയാണ്. ഇതെല്ലാം കൊണ്ടുതന്നെ മോദിയുടെ സർജിക്കൽ സ്ട്രൈക്ക് തന്നെയാണു കൂടുതൽ വിനാശകരം, കാരണം 125 കോടി ജനതയുടെ മേലായിരുന്നു അത് " – മേവാനി ആരോപിച്ചു.