Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി കൂട്ടമരണക്കേസിൽ മനഃശാസ്ത്ര പോസ്റ്റ്മോർട്ടത്തിന് പൊലീസ്

Delhi-Police-Bhatia-Murder.jpg.image.784.410

‍ന്യൂഡൽഹി∙ ബുറാരി കൂട്ടമരണക്കേസിന്റെ ചുരുളഴിക്കാൻ പുതുവഴികൾ തേടി പൊലീസ്. സുനന്ദാ പുഷ്കർ, ആരുഷി തൽവാർ കേസുകളിൽ പിന്തുടർന്ന മനഃശാസ്ത്ര പോസ്റ്റ്മോർട്ടം (സൈക്കോളജിക്കൽ ഓട്ടോപ്സി) ഈ കേസിലും പ്രയോജനപ്പെടുത്താനാണു തീരുമാനം. ഇതിനായി മനഃശാസ്ത്ര വിദഗ്ധരിൽനിന്ന് അന്വേഷണസംഘം ഉപദേശം തേടി. മരിച്ചവർ ഏതു തരത്തിലുള്ള മാനസിക നിലയിൽ ഉള്ളവരായിരുന്നുവെന്നു വിവിധ മാർഗങ്ങളിലൂടെ കണ്ടെത്തുന്ന രീതീയാണു മനഃശാസ്ത്ര പോസ്റ്റുമാർട്ടം. മരിച്ചവരെല്ലാം ഒരേപോലെ പ്രത്യേകതരം മാനസിക വിഭ്രാന്തിക്കു അടിമകളായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഒന്നോ അതിലധികമോ ആളുകളിൽ നിന്നാകാം ഇതിന്റെ തുടക്കമെന്നാണു വിദഗ്ധാഭിപ്രായം. മരിച്ച കുടുംബനാഥ നാരായണദേവിയുടെ ഇളയമകൻ ലളിത് ഭാട്ടിയയേയാണു പൊലീസ് പ്രധാനമായും സംശയിക്കുന്നത്. വിചിത്രമായ പെരുമാറ്റ രീതികൾ പ്രകടിപ്പിച്ചിരുന്ന ലളിത് ഭാട്ടിയ കുറേവർഷങ്ങളായി മൗനവ്രതത്തിലായിരുന്നു. സ്വന്തമായി പലചരക്കു കടയുണ്ടായിരുന്ന ലളിത് കടയിലെത്തുന്ന ഇടപാടുകാരോടുപോലും സംസാരിച്ചിരുന്നില്ല. കുറിപ്പുകളെഴുതിയാണ് അവരുമായി ആശയവിനിമയം നടത്തിയിരുന്നത്. മരിച്ചുപോയ അച്ഛനോടു സംസാരിക്കുവാനായി താൻ മൗനവ്രതം വെടിയേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞുകൊണ്ട് ലളിത് അടുത്തിടെ മുതൽ വീണ്ടും സംസാരിച്ചു തുടങ്ങിയത്. അച്ഛന്റെ ആത്മാവുമായി സംസാരിക്കാറുണ്ടെന്നും അച്ഛൻ തനിക്കു സന്ദേശങ്ങളയയ്ക്കാറുണ്ടെന്നും ലളിത് കുടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇത്തരം കേസുകളിൽ എതിർ ലിംഗത്തിലുള്ളവർ ഇതു അന്ധമായി വിശ്വസിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം ചിന്താശേഷി നഷ്ടപെട്ട് ഇത്തരക്കാർ പറയുന്നതു മാത്രം അനുസരിക്കുന്ന പ്രവണതയുമുണ്ട്.

കടുത്ത അന്ധവിശ്വാസികളായ ഭാട്ടിയ കുടുംബത്തിലുള്ളവർ ലോകാവസാനം വരുമെന്നു വിശ്വസിക്കുകയും അതിനെ ഭയപ്പെടുകയും ചെയ്തിരുന്നു. മരിച്ചുപോയ അച്ഛന്റെ ആത്മാവ് അന്ത്യവിധിയെക്കുറിച്ചു ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടു ഡയറിയിൽ അതിനെക്കുറിച്ച് എഴുതിയതിങ്ങനെ. അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂർത്തീകരിക്കപ്പെടുമ്പോൾ ആകാശത്തിന്റെ കിളിവാതിൽ തുറക്കപ്പെടും ഭൂമി കുലുങ്ങും അപ്പോഴൊക്കെ ഭയപ്പെടാതെ മന്ത്രങ്ങൾ ഉറക്കെ ഉരുവിടണം. അപ്പോൾ ഞാൻ വന്നു നിന്നെയും മറ്റുള്ളവരെയും മുകളിലേക്കു കൊണ്ടുപോകും. അച്ഛന്റെ ആത്മാവിന്റെ പ്രവചനമായാണ് ഇക്കാര്യങ്ങൾ ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം കൂട്ടിയിണക്കി ഒരു നിഗമനത്തിൽ എത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

related stories