ടാറ്റ സൺസ്: മിസ്ത്രിയെ നീക്കിയതിൽ അപാകമില്ലെന്ന് കമ്പനി നിയമ ട്രൈബ്യൂണൽ

രത്തൻ ടാറ്റ, സൈറസ് മിസ്ത്രി (ഫയൽ ചിത്രം)

മുംബൈ ∙ ടാറ്റ സൺസ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കം ചെയ്തതിൽ അപാകമില്ലെന്നു ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ. സൈറസ് മിസ്ത്രി നൽകിയ ഹർജി തള്ളിയാണ് ട്രൈബ്യൂണലിന്റെ വിധി. അടിച്ചമർത്തലും മോശം മാനേജ്മെന്റുമാണ് ടാറ്റാ സൺസ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു സൈറസ് മിസ്ത്രിയുടെ ഹർജി. മിസ്ത്രിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപസ്ഥാപനങ്ങളുടെ പേരിലായിരുന്നു. പരാതി.

എന്നാൽ മിസ്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും ടാറ്റ ഗ്രൂപ്പിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടെന്നും ടാറ്റ ഗ്രൂപ്പ് വാദിച്ചു. ഇതു ശരിവച്ചാണ് ട്രൈബ്യൂണലിന്റെ നടപടി.

2012–ൽ രത്തൻ ടാറ്റ രാ‍ജിവച്ചതിനു പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാനായി കമ്പനിയുടെ 18.4% ഓഹരികളുടെ ഉടമയായ െസെറസ് മിസ്ത്രി സ്ഥാനമേൽക്കുന്നത്. എന്നാൽ രത്തൻ ടാറ്റയുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് 2016 ഒക്ടോബർ 24 ന് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു. അതിനു ശേഷം 2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ ഡയറക്ടർ ബോർഡിൽ നിന്നും നീക്കി. ഇതിനെ തുടർന്നാണ് മിസ്ത്രി, കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചു ട്രൈബ്യൂണലിൽ പരാതി നൽകിയത്.