എഴുത്തുകാരൻ പൂർണമായും നിശബ്ദത പാലിക്കേണ്ട അവസ്ഥ: ‘കോലം കത്തിക്കൽ കാലം’ ഓർത്ത് എം.മുകുന്ദൻ

കൊച്ചി∙ എഴുത്തുകാർ പൂർണമായും നിശബ്ദത പാലിക്കേണ്ട സാമൂഹിക അവസ്ഥയാണു നിലവിലുള്ളതെന്നു സാഹിത്യകാരൻ എം.മുകുന്ദൻ. മുൻപൊരിക്കൽ ഒരു നേതാവിന്റെ, മുഖ്യമന്ത്രിയുടെ ആശയങ്ങള്‍ കാലഹരണപ്പെട്ടു എന്നു പറഞ്ഞതിനു ജനം തന്റെ കോലം കത്തിച്ചു. എന്തു പറഞ്ഞാലും അതിനെ ക്രിയാത്മകമായി എടുക്കുന്നില്ല. മറിച്ചു നെഗറ്റീവായുള്ള പ്രതികരണമാണുണ്ടാകുന്നത്. എഴുത്തുകാരൻ പൂർണമായും നിശബ്ദത പാലിക്കേണ്ട അവസ്ഥയാണ്. അതിനു വേണ്ടി സംഘടിതമായ പ്രവർത്തനമാണു നടക്കുന്നത്. എഴുത്തുകാരനെന്ന നിലയിൽ തനിക്കു ഭയം ഉപേക്ഷിച്ചു ധീരമായ നിലപാടെടുക്കാം. നേരത്തേ എഴുത്തുകാരനു സമൂഹത്തെ മാറ്റാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ ഇന്ന് അവരുടെ ശബ്ദം ഒരു തരത്തിലും സമൂഹം കേള്‍ക്കുന്നില്ല. പിന്നെന്തിനു സംസാരിക്കണം എന്ന ചിന്ത എഴുത്തുകാരനുണ്ടാകുന്നത‌ു സ്വാഭാവികമാണെന്നും മുകുന്ദൻ പറ‍ഞ്ഞു.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

മനു എസ്.പിള്ള പറയുന്നു:

മനു എസ്. പിള്ള

എല്ലായിടത്തും തുല്യതയില്ലായ്മയുണ്ട്. ചില പാശ്ചാത്യരാജ്യങ്ങളിൽ പോലും സ്ത്രീകള്‍ക്കു പുരുഷന്മാരുടേതിനു തുല്യമായ അവകാശമില്ല. അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന രാജ്യത്ത് സ്വാതന്ത്ര്യത്തിന്മേൽ കൂടുതൽ പിടിവീഴും. പലവഴികളിൽനിന്നുള്ള നിയന്ത്രണങ്ങളിലൂടെയാണത്. അതിനനുസരിച്ചു നിലപാടിനും പലരും പ്രേരിപ്പിക്കുണ്ട്. അവിടെ എഴുത്തുകാരൻ സ്വീകരിക്കുന്ന നിലപാടിനാണു പ്രാധാന്യം.

പത്മപ്രിയയുടെ വാക്കുകള്‍:

പദ്മപ്രിയ

‘സമൂഹത്തില്‍ ക്രിട്ടിക്കൽ തിങ്കിങ്ങിന്റെ കുറവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അത്തരത്തിലൊരു ചിന്താരീതിയും പരിശീലിപ്പിക്കുന്നില്ല. സ്വന്തമായി അഭിപ്രായം പറയുന്നതിനു പോലും ഇവിടെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. നടി പാർവതി സ്വന്തം അഭിപ്രായം പറഞ്ഞതാണ്. പക്ഷേ സൈബര്‍ലോകത്തിൽനിന്നു വൻതോതിൽ അധിക്ഷേപം ഏൽക്കേണ്ടി വന്നു. ശരിയായ തീരുമാനമാണ് എടുത്തതെന്നു തോന്നിയാൽ അതു പറയണം. അതു തന്നെയാണു ഡബ്ല്യുസിസിയുടെ നിലപാടുകളിലൂടെയും ചെയ്യുന്നത്’.